കെഎസ്ഇബി ഓഫീസിന്‍റെ മേല്‍ക്കൂര ചോരുന്നു; മീറ്ററടക്കം ഉപകരണങ്ങള്‍ തുരുമ്പെടുത്തു

By Web TeamFirst Published May 29, 2021, 12:29 PM IST
Highlights

 മഴ വെള്ളവും ഉപ്പുകാറ്റുമടിക്കുന്നതിനാൽ ഉപഭോക്താക്കൾക്കു നൽകാനുള്ള മീറ്ററുകൾ മിക്കതും ഉപയോഗശൂന്യമായ നിലയിലാണ്.

ഹരിപ്പാട്: ആറാട്ടുപുഴ കെ എസ് ഇ ബി സെക്ഷൻ ഓഫിസിന്റെ മേൽക്കൂര തകരാറിലായി മഴവെള്ളം ഓഫീസിനുള്ളിൽ കെട്ടിക്കിടക്കുന്നു. കടൽ തീരത്ത് നിരന്തരമായുണ്ടാകുന്ന ശക്തമായ കാറ്റുമൂലം മേൽക്കൂരയിൽ വിള്ളൽ വീണ് ടിൻ ഷീറ്റുകൾ മാറ്റി സ്ഥാപിക്കാത്തതിനാൽ ഒഴുകി വീഴുന്ന വെള്ളം ഓഫിസിനുള്ളിൽ കെട്ടിക്കിടക്കുകയാണ്. വൈദ്യുതി മീറ്ററുകൾ അടക്കമുള്ള സാധന സാമഗ്രികൾ തുരുമ്പെടുത്തു നശിക്കുന്നു. 

വലിയഴീക്കൽ മുതൽ തൃക്കുന്നപ്പുഴ വരെയുള്ള തീരദേശത്തെ പതിനായിരത്തോളം ഉപഭോക്താക്കളാണു ഈ ഓഫിസിന്റെ പരിധിയിലുള്ളത്. പ്രത്യേക സ്റ്റോറുകളില്ലാത്തതിനാൽ ഓഫീസിനുള്ളിലാണ് ഇലക്ട്രിക്കൽ സാധനങ്ങൾ സൂക്ഷിക്കുന്നത്. മഴ വെള്ളവും ഉപ്പുകാറ്റുമടിക്കുന്നതിനാൽ ഉപഭോക്താക്കൾക്കു നൽകാനുള്ള മീറ്ററുകൾ മിക്കതും ഉപയോഗശൂന്യമായ നിലയിലാണ്. ഉപ്പുകാറ്റും, നിരന്തരമായുണ്ടാകുന്ന കടലാക്രമണവും മൂലം ഓഫീസ് പരിസരത്തു സൂക്ഷിച്ചിരിക്കുന്ന ട്രാൻസ്ഫോമറുകളടക്കമുള്ള വൈദ്യുതോപകരണങ്ങളും ഓഫിസിനുള്ളിലെ കമ്പ്യൂട്ടറുകളും തുരുമ്പെടുത്തു ഉപയോഗ ശൂന്യമായി. 

ശക്തമായ കാറ്റടിക്കുന്നതിനാൽ ഓഫിസ് കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു പോയി ഓഫിസുപകരണങ്ങളടക്കം മഴയിൽ നശിക്കുന്നത് പതിവായിരിക്കുകയാണ്. പതിനായിരങ്ങളുടെ നഷ്ടമാണ് കെ എസ് ഇബിക്ക് ഉണ്ടാകുന്നത്. സുരക്ഷിത സ്ഥലത്തേക്ക് ഓഫിസ് മാറ്ററണമെന്നാണ് നാട്ടുകാരുടെയും ജീവനക്കാരുടെയും ആവശ്യം.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!