
കോട്ടയം: കോട്ടയം വിജയപുരത്തെ ലൈഫ് ഫ്ലാറ്റിലെ ചോര്‍ച്ചയുണ്ടായ സംഭവത്തിൽ വിശദീകരണവുമായി ലൈഫ് മിഷൻ. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മാണം നടത്തുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ പ്രശ്നങ്ങളാണ് വിജയപുരത്തെ ലൈഫ് ഫ്ലാറ്റിലെ ചോര്‍ച്ചയ്ക്ക് കാരണമെന്നാണ് ലൈഫ് മിഷന്‍ പറയുന്നത്. തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളും കോട്ടയം വിജയപുരത്തെ ഫ്ലാറ്റ് സമുച്ചയത്തില്‍ ചോര്‍ച്ചയ്ക്ക് കാരണമായെന്ന് സ്ഥലം സന്ദര്‍ശിച്ച ലൈഫ് മിഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചു.
അടുത്ത രണ്ട് മണ്‍സൂണ്‍ സീസണ്‍ കഴിയും വരെ വിജയപുരത്തെ ഫ്ലാറ്റ് സമുച്ചയത്തില്‍ നേരിട്ട് നിരന്തര നിരീക്ഷണം നടത്താനും ലൈഫ് മിഷന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് രണ്ട് മാസത്തിനകം കോട്ടയം വിജയപുരത്തെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ ചോര്‍ച്ചയെ ഗൗരവമായാണ് ലൈഫ് മിഷന്‍ കാണുന്നത്. പ്രീഫാബ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ നിര്‍മിതി കേരളത്തില്‍ പുതിയതായതിനാല്‍ തന്നെ അതിലെ പിഴവുകള്‍ കണ്ടെത്താനും സമയമെടുക്കുമെന്ന് ലൈഫ് മിഷന്‍ വിശദീകരിക്കുന്നു.
ഭാവിയില്‍ പ്രശ്നങ്ങളുണ്ടാകില്ലെന്ന് ഉറപ്പില്ല. പക്ഷേ, പ്രശ്നമുണ്ടായാല്‍ അത് ഉടന്‍ പരിഹരിക്കുമെന്ന ഉറപ്പും ഫ്ലാറ്റ് സന്ദര്‍ശിച്ച ലൈഫ് മിഷന്‍ ചീഫ് എന്‍ജിനിയര്‍ താമസക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. 2500 തൊഴില്‍ ദിനങ്ങള്‍ കൊണ്ടാണ് വിജയപുരത്തെ ഫ്ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായി നടത്തിയ നിര്‍മിതിയില്‍ തൊഴിലാളികള്‍ക്കുണ്ടായ പിഴവുകളും ചോര്‍ച്ചയ്ക്ക് വഴിവച്ചെന്ന നിഗമനവും ലൈഫ് മിഷന്‍ അധികൃതര്‍ പങ്കുവച്ചു.
മഴ ശക്തമാകും മുമ്പ് ഫ്ലാറ്റിലുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ ഊര്‍ജിതമായ അറ്റകുറ്റപ്പണികളാണ് നടക്കുന്നത്. അതേസമയം, ഒമ്പത് കോടി ചെലവിട്ട് നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയം രണ്ട് മാസത്തിനകം ചോര്‍ന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചിരുന്നു.
വിദ്യാർത്ഥികളുടെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ; തിരുവനന്തപുരത്ത് ക്യാമ്പസ് ജോബ് ഫെയർ 27ന്, വിവരങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam