
മലപ്പുറം: തെരഞ്ഞെടുപ്പില്‍ ജയിക്കാനായി സ്ഥാനാര്‍ഥികള്‍ പലപ്പോഴും പല വാഗ്ദാനങ്ങളും ജനങ്ങള്‍ക്ക് നല്‍കാറുണ്ട്. നല്‍കിയ വാഗ്ദാനം ജനങ്ങള്‍ക്ക് മുന്നില്‍ നടപ്പിലാക്കി മാതൃകയായിരിക്കുകയാണ് ഇടതു കൗണ്‍സിലറായ ഉള്ളാട്ടില്‍ രാഗിണി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ വനിത സ്ഥാനാര്‍ഥിയായ രാഗിണി നല്‍കിയ വാഗ്ദാനമായിരുന്നു കുരുന്നുകള്‍ക്കായി മികച്ച ഒരു അങ്കണവാടിയെന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം കോട്ടക്കല്‍ തോക്കാമ്പാറയില്‍ സ്മാർട്ടായൊരു അങ്കണവാടി യാഥാര്‍ഥ്യമായിരിക്കുകയാണ് രാഗിണി.
ശനിയാഴ്ച ഉച്ചക്ക് മന്ത്രി വി അബുറഹ്‌മാന്‍ കെട്ടിടം നാടിന് സമര്‍പ്പിക്കുമ്പോള്‍ അമ്മ മീനാക്ഷിക്കുട്ടിയമ്മയുടെ പേരില്‍ അവരുടെ ഓര്‍മക്കായി അങ്കണവാടി ഒരുക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഇടതു കൗണ്‍സിലറായ ഉള്ളാട്ടില്‍ രാഗിണി. 10 ലക്ഷം രൂപക്ക് വാങ്ങിയ അഞ്ച് സെന്റ് ഭൂമി അമ്മയുടെ നവതി ആഘോഷത്തിന് സമ്മാനമെന്ന നിലയിലാണ് നഗരസഭക്ക് കൈമാറിയത്. എന്നാല്‍ ശിലാസ്ഥാപനം നടക്കുന്നതിന് മുമ്പായിരുന്നു മീനാക്ഷിക്കുട്ടി അമ്മയുടെ വിയോഗം.
കളിസ്ഥലം, ഹാള്‍, അടുക്കള, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് അങ്കണവാടി നിര്‍മിച്ചിരിക്കുന്നത്. നഗരസഭയുടെ തനതു ഫണ്ടായ 27 ലക്ഷം രൂപയാണ് ചെലവ്. നാളെ നടക്കുന്ന ചടങ്ങില്‍ നഗരസഭ അധ്യക്ഷ ഡോ. കെ ഹനീഷ അധ്യക്ഷത വഹിക്കും. എം കെ ആര്‍ ഫൗണ്ടേഷന്‍റെ കീഴിലുള്ള ബാക്കി ഭൂമിയില്‍ കുട്ടികള്‍ക്കായി മനോഹരമായ പാര്‍ക്ക് നിര്‍മിക്കാനാണ് ഉള്ളാട്ടില്‍ കുടുംബത്തിന്റെ തീരുമാനം.