
കോഴിക്കോട‌്: സഹോദരനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക‌് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. വളയം വിരുത്തിരാമത്ത‌് സുബൈറി(40)നെ കുത്തിക്കൊന്നുവെന്ന കേസിൽ വളയം ഷാപ്പ‌് മുക്ക‌് വിരുത്തിരാമത്ത‌് വീട്ടിൽ വി ആർ അമ്മദി(50)നെയാണ‌് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ‌് ജഡ‌്ജി സി സുരേഷ‌്കുമാർ ശിക്ഷിച്ചത‌്.
പിഴസംഖ്യ സുബൈറിന്‍റെ ഭാര്യക്കും മക്കൾക്കും നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ‌് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. 2017 മെയ‌് മൂന്നിന‌് രാത്രി ഏഴിന‌് വളയം ഷാപ്പ‌് മുക്കിൽ സുബൈറിന്‍റെ പുരയിൽ കൊല നടത്തിയെന്നാണ് കേസ്. ഒപ്പം കഴിയുന്ന സഹോദരൻ അമ്മദുമായുള്ള വാക്കേറ്റം കൊലപാതകത്തിലെത്തുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി 25 സാക്ഷികളെ വിസ‌്തരിച്ചു. 50 രേഖകളും ആറ് തൊണ്ടിസാധനങ്ങളും ഹാജരാക്കി. നാദാപുരം സി ഐ ജോഷി ജോസ് അന്വേഷിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ അഡീഷണൽ പബ്ലിക‌് പ്രോസിക്യൂട്ടർ ജോജു സിറിയക‌്, വി കെ ഐശ്വര്യ എന്നിവർ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam