ലൈഫ് ജാക്കറ്റ് നിർമ്മാണത്തിൽ മികവ് തെളിയിച്ച് കൊയിലാണ്ടിയിലെ സ്ത്രീ കൂട്ടായ്മ

By Web TeamFirst Published Aug 27, 2019, 11:31 AM IST
Highlights

ഒരുലക്ഷം രൂപ മുതൽ മുടക്കിൽ വാടകക്കെടുത്ത ഒറ്റ മുറിയിൽ തുടങ്ങിയ നിയ ലൈഫ് ജാക്കറ്റ് ഒന്നര മാസം കൊണ്ട് തന്നെ വിപണിയില്‍ ഇടം നേടിക്കഴിഞ്ഞു.

കോഴിക്കോട്: കേരളത്തിലെ മാറിയ സാഹചര്യത്തിനനുസരിച്ച് പുതിയൊരു ബിസിനസ് സാധ്യത കണ്ടെത്തിയിരിക്കുകയാണ് കോഴിക്കോട് കൊയിലാണ്ടിയിലെ ഒരു കൂട്ടം സ്ത്രീകള്‍. ലൈഫ് ജാക്കറ്റ് നിര്‍മാണത്തില്‍ ചുരുങ്ങിയ നാളുകള്‍ക്കുളളിലാണ് ഇവര്‍ മികവ് തെളിയിച്ചിരിക്കുന്നത്. കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഇവരുടെ ഉല്‍പ്പന്നത്തിന് ആവശ്യക്കാർ ഏറെയാണ്.

വര്‍ഷങ്ങളായി കിടക്കവിരി നിര്‍മ്മാണരംഗത്ത് ജോലി ചെയ്തിരുന്ന നിഷയും ബിന്‍സിയും ബീനയും ഗീതയും ഒന്നര മാസം മുമ്പാണ് പുതിയൊരു ബിസിനസ് സംരംഭത്തിന് തുടക്കമിട്ടത്. ഒരുലക്ഷം രൂപ മുതൽ മുടക്കിൽ വാടകക്കെടുത്ത ഒറ്റ മുറിയിൽ തുടങ്ങിയ നിയ ലൈഫ് ജാക്കറ്റ് ഒന്നര മാസം കൊണ്ട് തന്നെ വിപണിയില്‍ ഇടം നേടിക്കഴിഞ്ഞു.

വിദ്യാർഥികൾ വെള്ളത്തിൽ മുങ്ങിമരിക്കുന്ന വാർത്തകൾ പത്രത്തിൽ വായിക്കാറുണ്ട്. മുങ്ങി മരണം തടയാൻ എന്തെങ്കിലും മുൻകരുതൽ എടുക്കാൻ കഴിയുമോ എന്ന ചിന്തയാണ് ഒടുവിൽ ലൈഫ് ജാക്കറ്റ് നിർമ്മാണത്തിലെത്തിച്ചതെന്ന് സംരംഭകയായ ​ഗീത പറഞ്ഞു.

കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ രക്ഷിതാക്കൾ കാട്ടുന്ന താത്പര്യമായിരുന്നു ബിസിനസ്സ് തുടങ്ങുമ്പോൾ ഇവരുടെ പ്രതീക്ഷ. എന്നാല്‍ മഴ ശക്തമായതോടെ ആവശ്യക്കാർ കൂടി. ഇപ്പോൾ ആളുകൾ കടയിൽ അന്വേഷിച്ചെത്താന്‍ തുടങ്ങി. ഇന്ന് കോഴിക്കോട് ജില്ലയിലെങ്ങും ഇവര്‍ നിര്‍മ്മിക്കുന്ന ലൈഫ് ജാക്കറ്റുകളെത്തുന്നു. മികച്ച വരുമാനം മാത്രമല്ല ആളുകളുടെ ജീവൻ രക്ഷിക്കാനുളള ഉപകരണം നിർമ്മിച്ച് നൽകുന്നതിലുളള സംതൃപ്തി കൂടിയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.

click me!