'സിനിമയില്ല, പട്ടിണിയുണ്ട്', സിനിമാ പോസ്റ്ററുകളൊട്ടിച്ച് അരനൂറ്റാണ്ട് ജീവിച്ച അബ്ദുള്‍ ഖാദര്‍

By Web TeamFirst Published Nov 3, 2020, 4:00 PM IST
Highlights

''മരുന്നിന് തന്നെ ഒരു വലിയ തുക മാസം വേണം. തല ചായ്ക്കാന്‍ സ്വന്തമായി ഒരു കൂരയില്ല. മകളുടെ വീട്ടിലാണ് കഴിയുന്നത്''. പറഞ്ഞ് നിര്‍ത്തുമ്പോള്‍ അബ്ദുള്‍ ഖാദറിന്റെ മുഖത്ത് അതുവരെയുണ്ടായിരുന്ന പുഞ്ചിരി കണ്ണീരായൊഴുകിയത് പെട്ടന്നാണ്. 

ആലപ്പുഴ: അരനൂറ്റാണ്ട് കാലമായി തുരുമ്പെടുത്ത് തേയ്മാനം സംഭവിച്ച തന്റെ സൈക്കിളില്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ കുറുക്കിയ മൈദ പശയും ക്യാരിയറില്‍ കൂറ്റന്‍ വാള്‍ പോസ്റ്ററുകളുമായി നഗരം ചുറ്റുകയാണ് അബ്ദുള്‍ ഖാദര്‍. സിനിമ പരസ്യങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുപരിപാടികളും മത സാമൂഹ്യ സംഘടനകളുടേതടക്കം വര്‍ണാഭമായ ചിത്രങ്ങളും ആകര്‍ഷകങ്ങളായ വരികളുമെഴുതിയ വാള്‍ പോസ്റ്ററുകള്‍ നഗരത്തിലെ മതിലുകളില്‍ പശ തേച്ച് ഒട്ടിച്ചാണ് കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തിന്റെ നാള്‍വഴികള്‍ 64കാരന്‍ അബ്ദുല്‍ ഖാദര്‍ പിന്നിടുന്നത്. 

ആലപ്പുഴ മുഹമ്മദന്‍ ഹൈസ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിച്ച് കൊണ്ടിരുന്നപ്പോഴാണ് അബ്ദുല്‍ ഖാദര്‍ ചുമര്‍ പരസ്യ ഒട്ടിപ്പു സംഘത്തില്‍ സഹായി ആയി കൂടിയത്. വീട്ടിലെ പട്ടിണി തന്നെയായിരുന്നു പ്രധാന കാരണം. സന്ധ്യയാകുന്നതോടെ ചുവര്‍ പരസ്യക്കാര്‍ നല്‍കുന്ന 50 രൂപ അന്ന് വലിയ നിധിയായിരുന്നുവെന്ന് ഖാദര്‍ ഓര്‍ക്കുന്നു. പിന്നീട് സിനിമ തിയറ്ററുടമകളും കമ്പനിക്കാരും രാഷ്ട്രീയ പാര്‍ട്ടിക്കാരുമൊക്കെ അബദുല്‍ ഖാദര്‍ എന്ന ചുറുചുറുക്കനായ പയ്യന്റെ കൈയില്‍ വാള്‍ പോസ്റ്റര്‍ കെട്ടുകള്‍ നേരിട്ടെത്തിക്കാന്‍ തുടങ്ങി. കൈനിറയെ പണവും വന്ന് ചേര്‍ന്നു. 

സിനിമാ പരസ്യങ്ങളുടെ വാള്‍ പോസ്റ്ററുകള്‍ മതിലുകളില്‍ ഒട്ടിക്കുമ്പോള്‍ ചുറ്റും കൂടുന്ന ആള്‍കൂട്ടം മനസില്‍ ഉണ്ടാക്കുന്ന താരപരിവേഷവു മൊക്കെ ഒത്തുചേര്‍ന്നപ്പോള്‍ അബ്ദുല്‍ ഖാദര്‍ ജീവിതം വാള്‍ പോസ്റ്ററുകളില്‍ തന്നെ തേച്ച് പിടിപ്പിക്കാന്‍തീരുമാനിക്കുകയായിരുന്നു. ടെലിവിഷന്റെ രംഗപ്രവേശം സിനിമ തിയറ്ററുകളില്‍ പ്രേക്ഷകരുടെ എണ്ണം കുറച്ചു. നഗരത്തിലെ പ്രമുഖ തിയറ്ററുകളൊന്നൊന്നായി അടച്ചു തുടങ്ങി. അതോടെയാണ് തന്റെ ജീവിതത്തില്‍ ദുരിതനാളുകള്‍ കൂട്ടിനെത്തി തുടങ്ങിയതെന്ന് അബ്ദുല്‍ ഖാദര്‍ സങ്കടത്തോടുകൂടി പറഞ്ഞു.

''ആണ്‍മക്കള്‍ രണ്ടു പേരും വിവാഹിതരായി മാറി താമസിക്കുന്നു. അവര്‍ക്കും കാര്യമായി ജോലിയൊന്നുമില്ല. നൂറ് നോട്ടീസുകള്‍ നഗരത്തിലെ മതിലുകളില്‍ ഒട്ടിച്ചാല്‍ 500 രൂപ ലഭിക്കും. ആറേഴു മണിക്കൂര്‍ കുറഞ്ഞത് വേണ്ടി വരും ഒട്ടിക്കാന്‍. മാസത്തില്‍ ആറേഴു പണികളൊക്കെയെ ഇപ്പോള്‍ ഉള്ളു. കാഴ്ച കുറവുമുണ്ട്. ഭാര്യ ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്. മരുന്നിന് തന്നെ ഒരു വലിയ തുക മാസം വേണം. തല ചായ്ക്കാന്‍ സ്വന്തമായി ഒരു കൂരയില്ല. മകളുടെ വീട്ടിലാണ് കഴിയുന്നത്''. പറഞ്ഞ് നിര്‍ത്തുമ്പോള്‍ അബ്ദുള്‍ ഖാദറിന്റെ മുഖത്ത് അതുവരെയുണ്ടായിരുന്ന പുഞ്ചിരി കണ്ണീരായൊഴുകിയത് പെട്ടന്നാണ്. 

click me!