
ആലപ്പുഴ: ജീവിത വഴിയിൽ അപകടത്തിന്‍റെ രൂപത്തിലെത്തിയ തളർച്ചയെ നിശ്ചയ ദാർഢ്യത്തോടെ നേരിടുകയാണ് ഷമീറെന്ന യുവാവ്. അരയ്ക്ക് കീഴ്പോട്ട് തളർന്നെങ്കിലും വീൽ ചെയറിലിരുന്ന് ബാഗുകൾ തയ്ച്ച് പോരാട്ടം തുടരുകയാണ് യുവാവ്. പുത്തൻ പുരയ്ക്കൽ കുഞ്ഞുമൂസയുടെയും റംലയുടെയും രണ്ടാമത്തെ മകനാണ് ഷമീര്‍. അരയ്ക്ക് താഴോട്ട് തളര്‍ന്ന് പോയിട്ടും ജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ യുവാവ്.
എഴുപുന്ന ജങ്ഷനിൽ ഓട്ടോയുടെ കുറുകെ ചാടിയ കുട്ടിയെ രക്ഷപ്പെടുത്താനായി ഓട്ടോ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. ഓട്ടോ മരത്തിലിടിച്ച് ഷമീർ തെറിച്ച് വീണു. പിന്നാലെ ഷമീറിന്‍റെ അരയ്ക്ക് മുകളിലായി ഓട്ടോയും മറിഞ്ഞ് വീണു. അപകടത്തെ തുടര്‍ന്ന് ഷമീറിന്‍റെ നട്ടെല്ലിന് കാര്യമായ ക്ഷതമേറ്റു. രണ്ട് വർഷത്തോളം നിരവധി ആശുപത്രികളില്‍ ചികിത്സിച്ചു. എന്നാല്‍ കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നാലെ ഫിസിയോ തെറപ്പിക്കായി കോതമംഗലം പീസ് വാലിയിൽ എത്തിയതാണ് ഷമീറിന്‍റെ ചലനരഹിതമായ ജീവിതത്തിന് ഒരു വഴിത്തിരിവുണ്ടായത്.
സഹായി വെൽഫെയർ സൊസൈറ്റിയുടെ കീഴിലെ കനിവ് പാലിയേറ്റീവ് പ്രവർത്തകരും കൂട്ടുകാരനായ സിദ്ദീഖുമാണ് ഷമീറിനെ ഇക്കാലത്ത് ശുശ്രൂഷിച്ചത്. മൂന്ന് മാസത്തെ ഫിസിയോ തെറാപ്പി ഉൾപ്പെടെ വിദഗ്ധ ചികിത്സ കഴിഞ്ഞതോടെ ഷമീറിന് ചെയ്യാന്‍ പറ്റുന്ന ജോലികളെക്കുറിച്ച് ചോദിച്ചറിഞ്ഞ കനിവ് പാലിയേറ്റീവ് പ്രവർത്തകര്‍ ഒരു ചെറിയ തൊഴില്‍ സംരംഭത്തിനായി പ്രാഥമിക ഫണ്ട് പീസ് വാലിയിൽ നിന്ന് നൽകി. പിന്നാലെ വീട്ടിലെത്തിയ ഷമീർ ബാഗ് നിർമാണ തൊഴിലാളിയായ അനിയൻ സബീറിന്‍റെ സഹായത്തോടെ ഈ മേഖലയിലേക്ക് തിരിഞ്ഞു.
കൂട്ടുകാരെല്ലാം ഒത്ത് ചേർന്ന് പുതിയ മെഷീൻ വാങ്ങി നൽകിയതോടെ കൂടുതൽക്ക് കൂടുതല്‍ ഉത്സാഹമായി. ഭർത്താവിന്‍റെ അപകട വിവരമറിഞ്ഞ് തളർന്ന് പോയ ഭാര്യ സുമയ്യ ഇപ്പോൾ ഷെമീറിന് താങ്ങായി ഒപ്പമുണ്ട്. വാർഡ് മെംബർ കെ. എ. മാത്യുവും, അരൂക്കുറ്റി പഞ്ചായത്ത് പാലിയേറ്റിവ് പ്രവർത്തകരും നല്ല പിന്തുണയാണ് ൽകുന്നത്. തൈക്കാട്ട്ശ്ശേരി ബ്ലോക് പ്രസിഡന്‍റ് പി. എം. പ്രമോദ് ഷമീറിന്‍റെ സംരംഭം സന്ദർശിക്കുകയും ബാഗുകൾ കുടുംബശ്രീ സ്റ്റാളുകൾ വഴി വിൽപന നടത്താമെന്നേൽക്കുകയും ചെയ്തതായി ഷമീര്‍ പറഞ്ഞു. ലേഡീസ് ബാഗുകൾ, സ്കൂൾ ബാഗുകൾ, ബാക്ക് ബാഗുകൾ എന്നിവയാണ് പ്രധാനമായും ഷമീർ നിർമിക്കുന്നത്. സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് ഫർഹാൻ, ഫാത്തിമ മിസ്രിയ എന്നിവർ മക്കളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam