
തിരുവനന്തപുരം: നെട്ടുകാൽ തേരി തുറന്ന ജയിൽ പരിസരത്തു നിന്നും നാടൻ തോക്കും ഈയവും മരുന്നുകളും കണ്ടെടുത്തു. വെള്ളിയാഴ്ച പുലർച്ചെ ഒന്നര മണിയോടെ ബംഗ്ളാവ് കുന്നിനു സമീപമാണ് സംഭവം. വെടിയൊച്ച കേട്ട് ഗാര്‍ഡുകളും മറ്റു ജീവനക്കാരും ഒച്ച കേട്ട ഭാഗത്തു ഓടിയെത്തുമ്പോഴേക്കും തോക്കും മറ്റു സാമഗ്രികളും ഉപേക്ഷിച്ചു അഞ്ചോളം പേർ ഓടി രക്ഷപ്പെട്ടു. ജീവനക്കാർ പിന്തുടരാൻ ശ്രമിച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു.
പരിസരത്തു നടത്തിയ തെരച്ചിലിൽ ഒരു ടോർച്ചും കണ്ടെടുത്തു. തുടർന്നു നെയ്യാർ ഡാം പോലീസിൽ വിവരം അറിയിച്ചു റിപ്പോർട്ട് നൽകുകയും കണ്ടെടുത്ത തോക്ക് ഉൾപ്പടെ കൈമാറുകയും ചെയ്തു. ആംസ് ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുറന്ന ജയിൽ പരിസരത്തു മാനുൾപ്പടെയുള്ള മൃഗങ്ങൾ യഥേഷ്ടം എത്താറുണ്ട്. ഇവയെ വെടിവയ്ക്കാൻ എത്തിയ സംഘമാണോ എന്ന സംശയമാണ് അധികൃതർക്കുള്ളത്.
സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേ സമയം നേരം പുലർന്നു ജയിൽ അധികൃതർ നടത്തിയ പരിശോധനയിൽ സംഭവം നടന്ന സ്ഥലത്തു നിന്നും ഒരു മൊബൈൽ ഫോണും ലഭിച്ചു. ഇതും പൊലീസിന് കൈമാറിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam