മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല, ആശങ്കയിൽ ഗൗരീശപട്ടം നിവാസികൾ

Published : May 17, 2024, 03:01 PM IST
മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ല, ആശങ്കയിൽ ഗൗരീശപട്ടം നിവാസികൾ

Synopsis

തമ്പാനൂരിനെ വെള്ളക്കെട്ടിൽ നിന്ന് മോചിപ്പിച്ച ഓപ്പറേഷൻ അനന്തയ്ക്ക് സമാനമായി ഗൗരീശപട്ടത്തും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

തിരുവനന്തപുരം: വീണ്ടുമൊരു മഴയെത്തുമ്പോൾ ആശങ്കയിലാണ് തലസ്ഥാനത്തെ ഗൗരീശപട്ടം നിവാസികൾ. കഴിഞ്ഞ രണ്ടു വർഷവും ചെറിയ മഴ പെയ്തപ്പോഴേക്കും മുങ്ങിയ പ്രദേശമാണിത്. വെള്ളക്കെട്ടിന് പ്രധാന കാരണമായിരുന്ന നെല്ലിക്കുഴി പാലത്തിന്റെ ഉയരം കൂട്ടിയെങ്കിലും മഴക്കാല പൂർവ്വ പ്രവർത്തനങ്ങൾ കാര്യമായി നടക്കാത്തതാണ് ആശങ്കയുണ്ടാക്കുന്നത്. തമ്പാനൂരിനെ വെള്ളക്കെട്ടിൽ നിന്ന് മോചിപ്പിച്ച ഓപ്പറേഷൻ അനന്തയ്ക്ക് സമാനമായി ഗൗരീശപട്ടത്തും നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കഴിഞ്ഞ വർഷത്തെ ഒറ്റ മഴയിൽ ഗൗരീശപട്ടം സ്വദേശിയായ ചന്ദ്രികയുടെ ഒറ്റ മുറി വീട് പൂർണമായും മുങ്ങി. മുട്ടോളം വെള്ളത്തിൽ അയൽവാസികൾ രക്ഷക്കെത്തിയത് ചന്ദ്രികയ്ക്ക് തുണയായി. എന്നാൽ വെള്ളമിറങ്ങി വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഉടുതുണി പോലും വെള്ളത്തിൽ ഒലിച്ചു പോയിരുന്നു. ഗൗരീശപട്ടം, കുഴിവയൽ, കോസ്മോ, മുറിഞ്ഞപ്പാലം, തേക്കുമൂട് പ്രദേശത്തെ ആയിരത്തോളം വീടുകളുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.

ആമയിഴഞ്ചാൻ തോടിന് കുറുകെ ഒഴുക്ക് തടസ്സപ്പെടുത്തി നെല്ലിക്കുഴിയിൽ നിർമിച്ച പാലമായിരുന്നു പ്രദേശത്ത് കഴിഞ്ഞ മഴയിൽ വില്ലനായത്. ആവശ്യത്തിന് ഉയരമില്ലാതെയായിരുന്നു പാലം കെട്ടിയത്. ഏറെ പരാതികൾക്കൊടുവിൽ പാലത്തിന്റെ ഉയരം കൂട്ടി. തുടരെ തുടരെ നഗരം വെള്ളത്തിൽ മുങ്ങിയതോടെ വെള്ളക്കെട്ട് പരിഹരിക്കാൻ മന്ത്രിമാർ ചേർന്ന് കർമ്മപദ്ധതി തയാറാക്കിയിരുന്നു. ചെളി വാരി ആഴം കൂട്ടും, പാർശ്വഭിത്തി കെട്ടും, എന്നിങ്ങനെയുള്ള ഉറപ്പൊക്കെ പാഴായി. 

മഴക്കാലമെത്തിയിട്ടില്ല, പക്ഷെ വേനൽമഴ ഒന്ന് കനത്തപ്പോഴേക്കും തോട്ടിലെ ജലനിരപ്പ് ഉയരുന്നുണ്ടോയെന്ന് ആശങ്കയോടെ നോക്കി നിൽക്കുകയാണ് ഇവിടുത്തുകാർ. ഇറിഗേഷൻ, ടൂറിസം വകുപ്പുകൾ, കോർപ്പറേഷൻ. ഉത്തരവാദിത്വപ്പെട്ടവരെല്ലാം മഴക്കാലം അടുത്തെത്തിയിട്ടും അനങ്ങിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്