
തൊടുപുഴ: ലോക്ക്ഡൗണ്‍ കൃഷിയിൽ മിന്നും വിജയം കൊയ്ത് തൊടുപുഴ സെന്‍റ് ജോർജ് ഹൈസ്കൂൾ. ഒരേക്കറിൽ കൃഷിയിറക്കിയ 25 ഇനം പച്ചക്കറികളാണ് വിളവെടുക്കാൻ പാകമായിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് കാർഷിക സ്വയം പര്യാപ്തത നേടാൻ ലക്ഷ്യം വച്ച് തുടങ്ങിയതാണ് സമ്മിശ്ര കൃഷി.
പക്ഷേ കൊവിഡ് കാലമായതോടെ കുട്ടികൾക്ക് സ്കൂളിലേക്ക് വരാൻ പറ്റാതായി. ഇതോടെ കൃഷി അധ്യാപകരും പിടിഎയും ഏറ്റെടുത്തു. കരനെല്ലും കപ്പ കൃഷിയുമാണ് കൂടുതൽ. ഇതിനൊപ്പം ചേന, ചേമ്പ്, മത്തൻ, പാവൽ, പടവലം തുടങ്ങി 25 ഇനങ്ങൾ. പൂർണമായും അവലംബിച്ചിരിക്കുന്നത് ജൈവകൃഷി.
കൃഷിക്കായി നിലമൊരുക്കൽ തുടങ്ങി സർവ്വ കാര്യങ്ങളും ചെയ്തത് വിദ്യാർത്ഥികളും അധ്യാപകരും പിടിഎയും ചേർന്ന്. സ്കൂൾ കാമ്പസിൽ വിവിധ ഇടങ്ങളിലായി തെങ്ങിൻ തൈകൾ നട്ട് കേരസമൃദ്ധി എന്ന പദ്ധതിയും നടപ്പാക്കുന്നു.
കൃഷിത്തോട്ടത്തോട് ചേർന്ന് 500ലധികം മീൻ കുഞ്ഞുങ്ങളുമായി മത്സ്യകൃഷിയുമുണ്ട്. ഈ വർഷം സ്കൂൾ തുറക്കാൻ സാധ്യത കുറവായതിനാൽ വിദ്യാർത്ഥികൾക്കായി കൃഷി തുടരാനാണ് സ്കൂളിന്‍റെ തീരുമാനം. പച്ചക്കറി വിളവിന്റെ സന്തോഷത്തിലും കുട്ടികൾക്കായി ഒരുക്കിയ ജൈവ പച്ചക്കറികൾ അവർക്ക് നൽകാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് അധ്യാപകരും പിടിഎ അംഗങ്ങളും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam