
തൃശൂർ: ദീർഘദൂര ബസുകൾ യാത്രക്കാരെ സ്റ്റോപ്പുകളിൽ നിന്ന് കയറ്റുന്നില്ലെന്ന് ആക്ഷേപം. തൃശൂർ , കുന്നംകുളം ബസ് സ്റ്റാൻഡുകളിൽ നിന്നാണ് യാത്രക്കാരുടെ പരാതികൾ ഉയരുന്നത്. ശക്തൻ സ്റ്റാൻഡിൽ നിന്ന് കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്ക് പോകുന്ന പല ബസുകളിലും നിരവധി യാത്രക്കാർക്ക് ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉണ്ടായതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. തൃശൂരിൽ നിന്ന് 50 , 60 , 70 രൂപയോളം യാത്ര ചിലവ് വരുന്ന സ്റ്റോപ്പുകളിലെ യാത്രക്കാരെ ഒഴിവാക്കുന്നത് നിത്യ സംഭവമായി മാറുകയാണ്.
കഴിഞ്ഞ ദിവസം ഉച്ചക്ക് കുന്നംകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾ ചങ്ങരംകുളം, എടപ്പാൾ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരെ സ്റ്റോപ്പിൽ നിന്ന് കയറ്റാതെ കടന്നുപോയതായി പരാതി ഉയർന്നു. ദീർഘദൂര സർവീസുകൾ ഓടിക്കൊണ്ടിരിക്കുമ്പോഴും നിശ്ചിത സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റാതെയുള്ള പ്രവണത വ്യാപകമാകുകയാണെന്ന് യാത്രക്കാർ ആരോപിച്ചു. മോട്ടോർ വാഹന നിയമത്തിൽ സർവീസ് നടത്തുന്ന ബസുകൾക്ക് അനുവദിച്ചിട്ടുള്ള സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റാനും ഇറക്കാനും ബാധ്യതയുണ്ട്. നിശ്ചിത സ്റ്റോപ്പുകളിൽ ബസ് നിർത്താതെ പോകുന്നത് നിയമ ലംഘനമാണെന്നും ഇതിനെതിരെ മോട്ടോർ വാഹന വകുപ്പിന് നടപടി സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam