സംസ്ഥാനത്ത് നദിക്കു കുറുകെയുള്ള ഏറ്റവും നീളം കൂടിയ പാലം, അമ്പൂരിക്കാരുടെ അര നൂറ്റാണ്ട് കാലത്തെ സ്വപ്നം; കുമ്പിച്ചൽക്കടവ് പാലം ഉദ്ഘാടനത്തിലേക്ക്

Published : Aug 19, 2025, 04:14 PM ISTUpdated : Aug 19, 2025, 04:21 PM IST
 kumbichal kadavu bridge

Synopsis

അമ്പൂരി ജനതയുടെ അരനൂറ്റാണ്ട് നീണ്ട സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. കുമ്പിച്ചൽക്കടവ് പാലം പണി പൂർത്തിയായി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ അമ്പൂരിയിലെ കുമ്പിച്ചൽക്കടവ് പാലം ഉദ്ഘാടനത്തിലേക്ക്. അമ്പൂരിയിൽ ഒറ്റപ്പെട്ടുപോയ ആദിവാസി മേഖലയിലെ അടിസ്ഥാന ജനവിഭാഗങ്ങളെ ജീവിതത്തിന്‍റെ മുഖ്യധാരയിലേക്ക് അടുപ്പിക്കുന്നതാണ് കുമ്പിച്ചൽക്കടവ് പാലം. സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലമാണിത്. കിഫ്ബി ഫണ്ടിൽ നിന്ന് 24 കോടി 71 ലക്ഷം രൂപ ചെലവിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

അമ്പൂരിയിലെ ആദിവാസി ഊരുകളിൽ നിന്ന് ഉപ്പ് മുതൽ കർപ്പൂരം വരെ എന്ത് വാങ്ങണമെങ്കിലും കടത്തുകടന്ന് മായത്തോ അമ്പൂരിയിലോ എത്തണം. മഴയായാലും വെയിലായാലും, കാറ്റായാലും വള്ളം മാത്രമായിരുന്നു ഇതുവരെ ആശ്രയം. കുട്ടികൾക്ക് സ്‌കൂളിലെത്താനും ഇത് തന്നെയാണ് ശരണം. ഗർഭിണിയായ ഒരു സ്ത്രീക്ക് രാത്രിയിൽ പ്രസവ വേദന വന്നാൽ, ആരെയെങ്കിലും രാത്രിയിൽ പാമ്പ് കടിച്ചാൽ, ഏതെങ്കിലും കുഞ്ഞിന് അസുഖം മൂർച്ഛിച്ചാൽ വിധിയുടെ കാരുണ്യം മാത്രമായിരുന്നു ആശ്രയം. 

ദുരിതങ്ങളുടെ ഈ പരമ്പരയ്ക്ക് അറുതി വരുത്താനുള്ള ഏകമാർഗം കരിപ്പയാറിന് കുറുകെ കുമ്പിച്ചൽ കടവിൽ ഒരു പാലം നിർമിക്കുക എന്നതായിരുന്നു. 1990ൽ പ്രദേശവാസികൾ പ്ലാനിങ് ബോർഡിനെ സമീപിച്ചതിന് പിന്നാലെ തുടങ്ങിയ ചർച്ചകളും പ്രവർത്തനങ്ങളും ഒടുവിൽ സി കെ ഹരീന്ദ്രൻ എംഎൽഎ ആയി വന്നതിന് പിന്നാലെ സംസ്ഥാന ബജറ്റിലും ഇടം നേടി. ദുരിതങ്ങൾക്ക് പ്രതിവിധിയായി വർഷങ്ങൾക്കിപ്പുറം ഇരുകരകളേയും കൂട്ടിമുട്ടിക്കുന്ന പാലം എന്ന യാഥാർഥ്യത്തിലെത്തി നിൽക്കുകയാണ്. പണി പൂർത്തിയായ പാലത്തിന്‍റെ ഉദ്ഘാടനം താമസിയാതെ നടക്കും. 

തുരുത്തായി മാറിയ തൊടുമല ഗ്രാമത്തിന് ആശ്വാസം

നെയ്യാർ ഡാമിന്‍റെ ജലസംഭരണി നിർമ്മാണത്തെ തുടർന്ന് അഗസ്ത്യമലയുടെ താഴ്‌വരയിൽ കരിപ്പയാറിന് നടുവിൽ തുരുത്തായി മാറിയതാണ് തൊടുമല ഗ്രാമം. കഴിഞ്ഞ അര നൂറ്റാണ്ടിലേറെ ഈ തുരുത്തിൽ ഒറ്റപ്പെട്ടുപോയ പതിനൊന്നു ആദിവാസി ഊരുകൾക്കും പുറംലോകത്തേക്ക് എത്താൻ പഞ്ചായത്ത് ഏർപ്പാടാക്കിയ കടത്ത് വള്ളം മാത്രമായിരുന്നു ഏക ആശ്രയം. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു ഗതാഗത യോഗ്യമായ ഒരു പാലം എന്നത്. പാലം നിർമ്മാണത്തിനായി പലതവണ തറക്കല്ലിട്ടെങ്കിലും ഒന്നും നിർമ്മാണത്തിലേക്ക് എത്തിയിരുന്നില്ല. കാരിക്കുഴി, ചാക്കപ്പാറ, ശങ്കുംകോണം, കയ്പൻപ്ലാവിള, തൊടുമല, തെന്മല, കുന്നത്തുമല, തുടങ്ങി പതിനൊന്നോളം ആദിവാസി ഊരുകളിൽ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെ നാളത്തെ സ്വപ്നമാണ് കുമ്പിച്ചൽക്കടവ് പാലം യാഥാർത്ഥ്യമാകുന്നതോടെ സഫലമാകുന്നത്.

സ്കൂൾ, കോളജ് വിദ്യാർഥികൾ അടക്കമുള്ള പ്രദേശവാസികൾ കടത്തു വള്ളത്തിനെ ആശ്രയിച്ചായിരുന്നു ജീവിതം മുന്നോട്ട് നയിച്ചിരുന്നത്. എന്നാൽ മഴക്കാലമായാല്‍ കടത്തുവള്ളത്തിലെ യാത്ര ദുഃസ്സഹമാകും. മെഡിക്കൽ അടിയന്തര സാഹചര്യങ്ങൾക്ക് പോലും വള്ളത്തിനായി കാത്തിരിക്കേണ്ടി വരുന്ന കുടുംബങ്ങളുടെ അവസ്ഥ പരിഗണിച്ചാണ് കുമ്പിച്ചൽക്കടവിൽ പാലം നിർമ്മിക്കാൻ തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഭരണാനുമതി ലഭിച്ച പദ്ധതി നിരവധി തടസങ്ങൾക്കൊടുവിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

253.4 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 36.2 മീറ്റർ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളുള്ള പാലത്തിന്‍റെ രണ്ട് സ്പാനുകൾ കരയിലും ബാക്കിയുള്ളവ ജലസംഭരണിയിലുമാണ്. 11 മീറ്റർ വീതിയുള്ള പാലത്തിൽ എട്ട് മീറ്റർ റോഡും രണ്ട് വശത്തും നടപ്പാതയുമുണ്ട്. അമ്പൂരി പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകൾ മുൻനിർത്തി ഭൂനിരപ്പിൽ നിന്നും 12.5 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന പാലത്തിനടിയിലൂടെ നെയ്യാർ ഡാമിൽ നിന്നും വിനോദസഞ്ചാരികളുമായി വരുന്ന ബോട്ടിന് കടന്നുപോകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഉദ്ഘാടന ചടങ്ങിന്‍റെ ദിവസം പ്രഖ്യാപിക്കും.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ