പട്ടണക്കാട് സഹകരണബാങ്ക് ക്രമക്കേട്: നഷ്ടം കോൺഗ്രസ് ഭരണസമിതിയില്‍ നിന്ന് ഈടാക്കും

By Web TeamFirst Published Feb 27, 2019, 9:35 PM IST
Highlights

ക്രമക്കേടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ജീവനക്കാരില്‍ നിന്നും അന്നത്തെ കോണ്‍ഗ്രസ് ഭരണസമിതിയില്‍ നിന്നും നഷ്ടം ഈടാക്കാനാണ് നടപടിയായിരിക്കുന്നത്. ബന്ധപെട്ടവര്‍ക്ക് ഇതുമായി സംബന്ധിച്ച നോട്ടീസ് നല്‍കി

ചേര്‍ത്തല: പട്ടണക്കാട് സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് നഷ്ടം കോണ്‍ഗ്രസ് ഭരണസമിതിയില്‍ നിന്ന് ഈടാക്കാനുള്ള  ഉത്തരവായി. സംസ്ഥാനത്തെ സഹകരണ ബാങ്കിലെ ഏറ്റവും വലിയ ക്രമക്കേടില്‍ ബാങ്കിനുണ്ടായ നഷ്ടം നികത്താന്‍ വകുപ്പുതല നടപടിയാണ് ഉണ്ടായിരിക്കുന്നത്.

ക്രമക്കേടില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ജീവനക്കാരില്‍ നിന്നും അന്നത്തെ കോണ്‍ഗ്രസ് ഭരണസമിതിയില്‍ നിന്നും നഷ്ടം ഈടാക്കാനാണ് നടപടിയായിരിക്കുന്നത്. ബന്ധപെട്ടവര്‍ക്ക് ഇതുമായി സംബന്ധിച്ച നോട്ടീസ് നല്‍കി. 2015ലാണ് ബാങ്കിലെ ക്രമക്കേടുകള്‍ പുറത്തുവന്നത്.

ഇതില്‍ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 25 കോടിയില്‍ പരം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായാണ് കണ്ടെത്തിയത്. അന്നത്തെ സെക്രട്ടറിയടക്കം അഞ്ച് ജീവനക്കാരെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ബാങ്കില്‍ പുതിയ ഭരണസമിതി അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സഹകരണ വകുപ്പ് തുടര്‍ അന്വേഷണം നടത്തി സര്‍ച്ചാര്‍ജ്ജ് ഈടാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. ബാങ്കിനുണ്ടായ നഷ്ടത്തില്‍ 16,21,20,293 രൂപാ ഇവരില്‍ നിന്നായി ഈടാക്കാനാണ് ഉത്തരവ്. മുന്‍ സെക്രട്ടറി അടക്കമുള്ള അഞ്ചു ജീവനക്കാരില്‍ നിന്നും 11 ഭരണ സമിതിയംഗങ്ങളില്‍ നിന്നുമാണ് തുക ഈടാക്കുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ തുക ചുമത്തിയിരിക്കുന്നത് മുന്‍ സെക്രട്ടറിക്കാണ് (7.99 കോടി). ഭരണ സമിതിയംഗങ്ങള്‍ക്ക് ചുമത്തിയിരിക്കുന്ന ഉയര്‍ന്ന തുക മുന്‍ ഭരണസമിതി പ്രസിഡന്റിനാണ്(8.79 ലക്ഷം). 4.37 ലക്ഷം മുതല്‍ എട്ട് ലക്ഷംവരെയാണ് ഭരണ സമിതിയംഗങ്ങള്‍ക്കു ചുമത്തിയിരിക്കുന്നത്. സഹകരണ ചട്ടപ്രകാരം സര്‍ച്ചാര്‍ജ്ജ് ചുമത്തപെട്ടാല്‍ ഭരണസമിതിയംഗം അയോഗ്യനാകുമെന്നതിനാല്‍ നിലവിലെ ഭരണ സമിതിയില്‍ ഉള്‍പെടുന്ന നാലുപേര്‍ അയോഗ്യതാ ഭീഷണിയിലാണ്.

click me!