എടത്വയിൽ ലോട്ടറി വില്‍പ്പനക്കാരനെ കാര്‍ ഇടിപ്പിച്ച് പേഴ്‌സ് തട്ടിയെടുത്തവര്‍ പിടിയില്‍

By Web TeamFirst Published Oct 28, 2021, 9:24 PM IST
Highlights

 ലോട്ടറി വില്‍പ്പനക്കാരനെ  കാര്‍റിടിച്ച് വീഴ്ത്തി പേഴ്‌സ് തട്ടിയെടുത്ത കേസിൽ പ്രതികള്‍ പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട വെച്ചാണ് ഇവരെ എടത്വാ പൊലീസ് പിടികൂടിയത്.  

എടത്വാ: ലോട്ടറി വില്‍പ്പനക്കാരനെ  കാര്‍റിടിച്ച് വീഴ്ത്തി പേഴ്‌സ് തട്ടിയെടുത്ത കേസിൽ പ്രതികള്‍ പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട വെച്ചാണ് ഇവരെ എടത്വാ പൊലീസ് പിടികൂടിയത്.  തിരുവനന്തപുരം  കാട്ടാക്കട കുളത്തുമ്മേല്‍ അഭിലാഷ് (30), സുരേഷ് ഭവനില്‍ ജോണ്‍ (കണ്ണന്‍-28), പുത്തന്‍ വീട്ടില്‍ ലിനു (ബിനുക്കുട്ടന്‍-44) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.   എടത്വാ അമ്പ്രമൂലയില്‍ വെച്ച് കാറിലെത്തിയ മൂവര്‍ സംഘം ലോട്ടറി വില്‍പ്പനക്കാരനായ മിത്രക്കരി കൈലാസം ഗോപകുമാറിനെ കാര്‍ ഇടിപ്പിച്ച ശേഷം പേഴ്‌സ് തട്ടിയെടുത്ത് കടന്നുകളഞ്ഞിരുന്നു.

സിസിടിവി ദൃശ്യം പരിശോധിച്ച പൊലീസിന് ഇവര്‍ ആലപ്പുഴ പെട്രോള്‍ പമ്പില്‍ എത്തിയതായി സൂചന ലഭിച്ചു. ജില്ല പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള പൊലീസ് കണ്‍ട്രോള്‍ ക്യാമറയില്‍ ഓച്ചിറ ഭാഗത്തുവെച്ച് കാറിന്റെ ചിത്രം പതിഞ്ഞു. സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അന്വഷണത്തില്‍ കാര്‍ തിരുവനന്തപുരം കാട്ടാക്കട ഭാഗത്ത് നിന്ന് കണ്ടെത്തി. ഡിവൈഎസ്പി സുരേഷ് കുമാര്‍ എസ്.റ്റിയുടെ നേതൃത്വത്തിൽ  അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വഷണത്തില്‍ ബുധനാഴ്ച രാത്രി 8.30 ഓടെ എല്ലാ പ്രതികളേയും പൊലീസ് പിടികൂടി.  പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ പിന്നില്‍ കര്‍ട്ടന്‍ ഇട്ടിരുന്നതാണ്  പിടികൂടാന്‍ സഹായിച്ചത്.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 6.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിലെത്തിയ സംഘം ഗോപകുമാറിനോടെ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് തിരക്കി. ഇല്ലന്ന് പറഞ്ഞതോടെ കാറിലെത്തിയവര്‍ അല്പ ദൂരം മുന്നോട്ട് പോയിട്ട് തിരികെ വന്നു. എടത്വാ ജങ്ഷനിലേക്കാണെങ്കില്‍ കാറില്‍ കയറിയാല്‍ അവിടെ വിടാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഗോപകുമാര്‍ കാറില്‍ കയറി. അന്‍പത് മീറ്റര്‍ ദൂരെ എത്തിയപ്പോള്‍ വിജനമായ സ്ഥലത്തുവെച്ച് ഗോപകുമാറിനെ പുറത്തേയ്ക്ക് വലിച്ചിട്ടു.   

എതിര്‍ക്കാന്‍ ശ്രമിച്ച ഗോപകുമാറിനെ ഇടിച്ചു വീഴ്ത്തി മൂവരും കടന്നു കളഞ്ഞിരുന്നു. ഗോപകുമാറിന്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇയാള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. എടത്വാ സിഐ ആനന്ദ്ബാബു,  എസ്‌ഐ ഷാംജി, സീനിയര്‍ സിപിഒ ഗോപന്‍, സിപിഒമാരായ പ്രേംജിത്ത്, ശ്യംകുമാര്‍, സനീഷ് എന്നിവര്‍ അന്വഷണത്തിന് നേതൃത്വം നല്‍കി.

click me!