
കൊച്ചി: മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞത് പ്രതിഷേധക്കാരല്ലെന്ന് എം സ്വരാജ് എംഎൽഎ. പിന്നിൽ സിഐടിയു പ്രവർത്തകരെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എം സ്വരാജ് ആരോപിച്ചു. അക്രമം നടന്നിരിക്കുന്നത് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് അല്ല. അക്രമത്തിന് പിന്നിൽ പ്രതിഷേധക്കാർ അല്ലെന്നും മുത്തൂറ്റിൽ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നും എം സ്വരാജ് പ്രതികരിച്ചു.
ഇന്ന് രാവിലെയാണ് കൊച്ചിയിലെ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ ജോർജ് അലക്സാണ്ടറിന്‍റെ തലയ്ക്ക് പരിക്കേറ്റു. ഒമ്പത് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ മാസം രണ്ടാം തീയതി മുതൽ മുത്തൂറ്റ് ഹെഡ് ഓഫീസിന് മുന്നിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ സമരം നടന്നുവരികയായിരുന്നു.
സമരത്തെത്തുടർന്ന്, മുത്തൂറ്റ് ഹെഡ് ഓഫീസിലെ ജീവനക്കാരെല്ലാം രാവിലെ ഒരിടത്ത് ഒത്തുകൂടി പ്രത്യേക വാഹനത്തിലാണ് ഓഫീസിലേക്ക് എത്താറ്. അങ്ങനെ വരുമ്പോഴാണ് ഹെഡ് ഓഫീസിന് മുന്നിൽ വച്ച് എംഡിയുടെ വാഹനത്തിന് നേർക്ക് ആക്രമണമുണ്ടായത്. ഇരുപതോളം പേർ കല്ലെറിഞ്ഞു എന്നാണ് മാനേജ്‍മെന്‍റ് പറയുന്നത്. ജോർജ് അലക്സാണ്ടറും മകൻ ഈപ്പൻ അലക്സാണ്ടറും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേർക്ക് വലിയ കോൺക്രീറ്റ് കട്ടയെടുത്ത് എറിഞ്ഞു എന്ന് മാനേജ്മെന്‍റ് പറയുന്നു.
ദൃശ്യങ്ങളടങ്ങിയ ഒരു വീഡിയോ ക്ലിപ്പും മാനേജ്മെന്‍റ് പുറത്തുവിട്ടിട്ടുണ്ട്. മുൻവശത്ത് ഇരുന്ന എംഡി ജോർജ് അലക്സാണ്ടറിന് പരിക്കേറ്റു. പിൻവശത്തെ ഗ്ലാസും തകർന്നെങ്കിലും പിന്നിലിരുന്ന ഈപ്പൻ അലക്സാണ്ടറുടെ ദേഹത്ത് കൊണ്ടില്ല. തൊഴിലാളികളെ അന്യായമായി പിരിച്ചുവിട്ടെന്ന് ആരോപിച്ച് സമരം നടത്തുന്ന സിഐടിയുവാണ് ആക്രമണം നടത്തിയത് എന്നാണ് മുത്തൂറ്റ് മാനേജ്മെന്‍റ് ആരോപിക്കുന്നത്.
'ഈ കല്ല് എന്‍റപ്പന്‍റെ ദേഹത്ത് കൊണ്ടെങ്കിലോ?', ആസൂത്രിത അക്രമമെന്ന് മുത്തൂറ്റ് എംഡിയുടെ മകൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam