ഇനി അഗതികളല്ല, അനാഥരുമല്ല, ഗാന്ധിഭവനിലെ അമ്മമാ‍ർക്ക് യൂസഫലിയുടെ സ്നേഹം; കോടികൾ ചിലവിട്ട ബഹുനില മന്ദിരം സ്വന്തം

Published : Nov 17, 2022, 07:31 PM ISTUpdated : Nov 17, 2022, 07:38 PM IST
ഇനി അഗതികളല്ല, അനാഥരുമല്ല, ഗാന്ധിഭവനിലെ അമ്മമാ‍ർക്ക് യൂസഫലിയുടെ സ്നേഹം; കോടികൾ ചിലവിട്ട ബഹുനില മന്ദിരം സ്വന്തം

Synopsis

ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം യൂസഫലിയും അകത്തേക്ക് പ്രവേശിച്ചു. അമ്മമാർ ചേർന്ന് നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു

പത്തനാപുരം: ഗാന്ധിഭവനിലെ അമ്മമാര്‍ ഇനി അഗതികളല്ല. അനാഥരുമല്ല. എല്ലാവരും ഇനി എം എ യൂസഫലി ഒരുക്കിയ സ്നേഹത്തണലിലെ പ്രിയപ്പെട്ടവര്‍. അമ്മമാര്‍ക്കായി സ്വന്തം സമ്പാദ്യം മാറ്റിവെച്ച് സ്നേഹ സൗധമൊരുക്കി യൂസഫലി ഒരിക്കല്‍ കൂടി മാതൃകയായി. ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരം അമ്മമാര്‍ക്ക് സ്വന്തമായി. മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എം എ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍റെ സാന്നിധ്യത്തിൽ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടർന്ന് ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം അകത്തേക്ക് പ്രവേശിച്ചു. അമ്മമാർ ചേർന്ന് നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വീൽ ചെയറിലായിരുന്ന മാലതി, ബേബി സുജാത എന്നീ അമ്മമാരെ യൂസഫലിയും, പുനലൂര്‍ സോമരാജനും ചേർന്ന് സമീപത്തെ മുറിയിലേക്ക് എത്തിച്ചതോടെ ഗൃഹപ്രവേശച്ചടങ്ങ് പൂർത്തിയായി.

എല്ലാ നന്മയുള്ള പ്രവർത്തനങ്ങളും ഹൃദയത്തിനുള്ളിൽ നിന്നാണ് താൻ ചെയ്യുന്നതെന്നും അമ്മമാർക്കുള്ള പുതിയ മന്ദിരവും അങ്ങനെയൊന്നാണെന്നും എം എ യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. മന്ദിരത്തിലെ വൈദ്യുതിയ്ക്കും മറ്റ് മെയിന്‍റനൻസ് ജോലികൾക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ താൻ ഗാന്ധിഭവന് നൽകും. ഇത് തന്‍റെ മരണശേഷവും തുടരുന്ന രീതിയിൽ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛന്മാർക്ക് വേണ്ടിയും സമാനമായ രീതിയിൽ മന്ദിരം നിർമ്മിക്കുമെന്ന് യൂസഫലി അറിയിച്ചു.

'വിധി സഖാക്കളുടെ തൊഴിലുറപ്പ് പദ്ധതിക്കേറ്റ കനത്ത പ്രഹരം'; കണ്ണൂർ വിസിയെ പുറത്താക്കി കേസെടുക്കണം: കെ സുധാകരന്‍

2019 മേയ് 4 ന് ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം ആരംഭിച്ച മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. അമ്മമാർക്ക് പരസഹായമില്ലാതെ  ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബൾ സൈഡ് റെയിൽ കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പ്രാര്‍ത്ഥനാമുറികള്‍, ഡൈനിംഗ് ഹാള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിങ്ങനെയാണിവ. ഒരേസമയം 250 പേര്‍ക്ക് താമസിക്കാം. എം എ യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന് സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

2016 ഓഗസ്റ്റ് മാസം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത് മുതലാണ് അന്തേവാസികളായ അമ്മമാരെ യൂസഫലി ചേര്‍ത്ത് പിടിച്ചത്. അമ്മമാരുടെ ബുദ്ധിമുട്ടുകളും, സ്ഥലപരിമിതിയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട അദ്ദേഹം അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ മന്ദിരം നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധികാലത്തടക്കം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗാന്ധിഭവനിലെ അമ്മമാരുടെയും മറ്റ് അന്തേവാസികളുടെയും ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുമായി ഏഴുകോടിയിലധികം രൂപയുടെ സഹായവും യൂസഫലി നല്‍കയിട്ടുണ്ട്. ഓണത്തിനും, റംസാനും, വിഷുവിനും, ക്രിസ്തുമസിനുമെല്ലാം ഈ കരുതല്‍ അമ്മമാരെ തേടിയെത്താറുമുണ്ട്.

PREV
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്