
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ച മൂന്ന് ചെങ്കൽ ക്വാറികളിൽ വിജിലൻസ് റെയ്ഡ് നടത്തി. 12 കല്ലുവെട്ടു ട്രില്ലർ യന്ത്രങ്ങളും നാല് ലോറികളും ഒരു എസ്ക്കവേറ്ററും സംഘം പിടികൂടി. മൂന്ന് ലോറികളിൽ നിറയെ ചെങ്കല്ലുകൾ നിറച്ച നിലയിലായിരുന്നു. കൊടിയത്തൂർ വില്ലേജിലെ കറുത്തപറമ്പ്മല, കക്കാട് വില്ലേജിലെ പൂവത്തിക്കൽ, എള്ളങ്കൽ എന്നിവിടങ്ങളിലാണ് വിജിലൻസ് അനധികൃത ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നത് കണ്ടെത്തിയത്.
രാവിലെ 9.30ന് തുടങ്ങിയ റെയ്ഡ് വൈകിട്ട് നാലുമണി വരെ നീണ്ടു. വിജിലൻസ് ഇത് സംബന്ധിച്ച റിപ്പോർട്ട് ജിയോളജി വകുപ്പിന് കൈമാറും. അവർ തുടർ നടപടിയെടുക്കും. അനധികൃത ക്വാറികൾക്കെതിരെ വില്ലേജ്, ഗ്രാമപഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് റെയ്ഡ്.
സംസ്ഥാന വിജിലൻസ് ഡയറക്റ്ററുടെ ഉത്തരവിനെ തുടർന്ന് കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ എസ്.പി. എസ്. ശശിധരൻ ഐ.പി.എസിൻ്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വിജിലൻസ് ഡി.വൈ.എസ്.പി. ജി. ജോൺസൺ, ഇൻസ്പെക്റ്റർമാരായ എസ്. സജീവ്, ജോഷി, എസ്.ഐ: രതീഷ്, എ.എസ്.ഐ. മാരായ പ്രജിത്ത്, സുജീഷ്, ഷൈജു, സീനിയർ സി.പി.ഒ. മാരായ രഞ്ജിത്ത്, ബിജീഷ്, കലേഷ്, ശ്രീജിത്ത്, സുജനൻ, പ്രകാശൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.