
കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. 2.25 കോടി രൂപ അധിക പാല്‍വിലയായും 75 ലക്ഷം രൂപ കാലിത്തീറ്റ സബ്‌സിഡിയായും നല്‍കാനാണ് മേഖലാ യൂണിയന്‍ ഭരണ സമിതി യോഗം തീരുമാനിച്ചത്. 2023 നവംബര്‍ ഒന്നു മുതല്‍ 30 വരെ മേഖലാ യൂണിയന് പാല്‍ നല്‍കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് ഒരു രൂപ വീതമാണ് അധികപാല്‍ വിലയായി നല്‍കുക. ഇത് 2.25 കോടി വരും.
അധിക പാല്‍വില ഡിസംബര്‍ 21 മുതല്‍ 31 വരെയുള്ള പാല്‍ വിലയോടൊപ്പം ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നല്‍കും. സംഘങ്ങള്‍ തുക കണക്കാക്കി കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് കൈമാറും. ഇതു പ്രകാരം സെപ്തംബര്‍ മാസത്തില്‍ മില്‍മ ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്ന ശരാശരി പാല്‍ വില ലിറ്ററിന് 46 രൂപ 44 പൈസയാകും.
വര്‍ദ്ധിച്ചു വരുന്ന പാലുത്പാദന ചെലവ് ഒരു പരിധിവരെ മറികടക്കുന്നതിനാണ് അധിക പാല്‍വില നല്‍കുന്നതെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു. ക്ഷീര സംഘങ്ങളിലൂടെ വിതരണം ചെയ്യുന്ന മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്കൊന്നിന് ഡിസംബര്‍ മാസത്തില്‍ നല്‍കി വരുന്ന 100 രൂപ സബ്‌സിഡി 2024 ജനുവരി മാസത്തിലും തുടരും. കാലിത്തീറ്റ സബ്‌സിഡി, അധിക പാല്‍വില എന്നീ ഇനത്തില്‍ മൂന്നു കോടി രൂപ മലബാറിലെ ക്ഷീര കര്‍ഷകരിലേക്ക് എത്തുന്നതാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി, മാനേജിംഗ് ഡയറക്ടര്‍ കെ സി ജെയിംസ് എന്നിവര്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam