ആരോഗ്യ ലേഖനങ്ങൾക്ക് അമേരിക്കയിൽ അംഗീകാരം; കോഴിക്കോടിന് അഭിമാനമായി ഡോ. നത ഹുസ്സൈന്‍

By Web TeamFirst Published May 3, 2020, 8:38 PM IST
Highlights

കഴിഞ്ഞ പത്ത് വർഷത്തോളമായി വിക്കിപീഡിയയിൽ ആരോഗ്യ ലേഖനങ്ങൾ എഴുതുന്നുണ്ട് കോഴിക്കോട് സ്വദേശിയായ ഡോ. നത ഹുസൈന്‍.

കോഴിക്കോട്: വിക്കിപീഡിയയിലെ ആരോഗ്യ ലേഖനങ്ങൾക്ക് കൂടരഞ്ഞി സ്വദേശിയായ യുവ ഡോക്ടർക്ക് അമേരിക്കൻ അംഗീകാരം. അമേരിക്കയിലെ പ്രശസ്തമായ റെഡ്ഹാറ്റിന്റെ ഓപ്പൺ സോഴ്സ് അക്കാദമിക് അവാർഡിനാണ് കോഴിക്കോട് ഇളം തുരുത്തിയിൽ ഡോ. നത ഹുസൈൻ അർഹയായത് . 5000 യു.എസ്. ഡോളറാണ് സമ്മാന തുക.

സ്വീഡനിൽ ന്യൂറോ സയൻസിൽ ഗവേഷണ വിദ്യാർഥിയായ ഈ യുവ ഡോക്ടർ കഴിഞ്ഞ പത്ത് വർഷത്തോളമായി വിക്കിപീഡിയയിൽ ആരോഗ്യ ലേഖനങ്ങൾ എഴുതി വരുന്നു. പൊതുജനങ്ങൾക്ക് സൗജന്യമായി ആരോഗ്യ അറിവുകൾ നൽകുന്നതാണ് അവാർഡിന് അര്‍ഹയാക്കിയത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദം കരസ്ഥമാക്കിയ ഇവർ പഠന കാലത്ത് തന്നെ ഇംഗ്ലീഷിലും , മലയാളത്തിലുമായി മുന്നൂറിലധികം ലേഖനങ്ങൾ എഴുതിയിട്ടുണ്ട് . സ്വീഡനിൽ തന്നെ കമ്മ്യൂണിക്കേഷൻ എൻജിനിയറായ അൻവർ ഹിഷാമാണ് ഭർത്താവ്. ഫെഡറൽ ബാങ്ക് താമരശ്ശേരി ശാഖയിൽ അഗ്രികൾച്ചറൽ റിലേഷൻഷിപ്പ് മാനേജർ ഇ.എം. ഹുസൈന്റെയും കോഴിക്കോട് ബാറിലെ അഭിഭാഷകയായ ജുവൈരിയയുടെയും മകളാണ് . സഹോദരി ഫിദയും മെഡിക്കൽ വിദ്യാർഥിയാണ്.

click me!