അഞ്ച് വർഷമായി കോഴിക്കോട് നഗരത്തില്‍ മാല മോഷണം; ഒടുവില്‍ പൊലീസിനെ ചുറ്റിച്ച പ്രതി പിടിയിൽ

Published : Aug 20, 2021, 11:40 PM IST
അഞ്ച് വർഷമായി കോഴിക്കോട് നഗരത്തില്‍  മാല മോഷണം; ഒടുവില്‍ പൊലീസിനെ ചുറ്റിച്ച  പ്രതി പിടിയിൽ

Synopsis

പിടിച്ചുപറി നടന്ന സമയം പരിശോധിച്ച് കൃത്യം നടന്ന സ്ഥലങ്ങളിലേക്ക് പ്രതി വരുന്നതും പോകുന്നതുമായ അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പൊലീസ് പ്രതിയെ പൊക്കിയത്.

കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടന്ന്  സ്ത്രീകളുടെയും കുട്ടികളുടേതുമടക്കം നിരവധി സ്വർണ്ണ മാലകൾ പൊട്ടിച്ചയാൾ ഒടുവിൽ പൊലീസ് പിടിയിൽ. നല്ലളം ഗിരീഷ് തിയേറ്ററിനു സമീപം ആശാരി തൊടിയിൽ താമസിക്കുകയും ഇപ്പോൾ കൊണ്ടൊട്ടിയിൽ കലാമ്പ്രം എക്കാംപറമ്പിൽ വാടകക്ക് താമസിക്കുന്ന നൗഷാദ് (41) എന്നയാളെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്‍റ് കമ്മീഷണർ കെ. സുദർശൻ നേതൃത്വം നൽകുന്ന കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിന്‍റെയും മെഡിക്കൽ കോളേജ് പൊലീസിന്‍റെയും പിടിയിലായത്.

കൊവിഡ് കാലഘട്ടത്തിന്‍റെ മറവിൽ മോഷണങ്ങളും പിടിച്ചുപറികളും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് മേധാവി ഡിഐജി. എ.വി. ജോർജ്ജ് ഐ.പി.എസിന്‍റെ നിർദ്ദേശ ത്തിൻറെ അടിസ്ഥാനത്തിൽ ഡിസിപി സ്വപ്നിൽ മഹാജൻ ഐപിഎസിന്‍റെ മേൽനോട്ടത്തിൽ സിറ്റി ക്രൈം സ്ക്വാഡും സിറ്റി പൊലീസും നിരീക്ഷണം ശക്തമാക്കിയിരുന്നു. 
അടുത്ത കാലങ്ങളിലായി സ്നാച്ചിങ്ങ് കേസുകൾ കോഴിക്കോട് സിറ്റിയിൽ വർദ്ധിച്ചു വരുന്ന സാഹര്യത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.

കോഴിക്കോട്  സിറ്റിയിൽ എസിപിയുടെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡ് രൂപീകരിച്ചതിനു ശേഷം നടന്നിട്ടുള്ള സ്നാച്ചിങ്ങ് കേസുകളുടെ പരമാവധി സിസിടിവി കാമറ ദൃശ്യ ങ്ങൾ ക്രൈം സ്ക്വാഡ് അംഗങ്ങൾ ശേഖരിച്ചു വെച്ചിരുന്നു. 2017 മുതൽ വ്യക്തമായ ഇടവേളകളിൽ സാമാന്യം തടിയുള്ള മധ്യവയസ്കനായ ഒരാൾ പിടിച്ചുപറി നടത്തി പൊലീസിനെ കബളിപ്പിച്ച് പോകുന്നുണ്ടെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം മുമ്പ് ഇത്തരം കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സമീപ ജില്ലകളിലുള്ളവരുടെ പേരുവിവരങ്ങളെടുത്ത് പരിശോധിക്കുകയും രഹസ്യമായി നിരീക്ഷിക്കു കയും ചെയ്തിരുന്നു. 

എന്നാൽ ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ഇതുവരെ യാതൊരു വിധ കേസുകളിലും ഉൾപ്പെടാത്തയാളാണ് ആ "തടിയൻ"  എന്നാണ്. തുടർന്ന് സമീപകാലങ്ങളിലായി ഇയാൾ നടത്തിയ മാലപൊട്ടിക്കലില്‍ ഇരയായവരെ നേരിൽ കണ്ട് വിവരങ്ങൾ ചോദിച്ചപ്പോൾ തടിയനായ ചുവന്ന കണ്ണുകളോട് കൂടിയ ഒരാളാണെന്നും മാല പൊട്ടിച്ച് കുറച്ച് ദൂരം മുന്നോട്ട് പോയി ഓടുന്ന ബൈക്കിൽ നിന്നും തിരിഞ്ഞു നോക്കാറുണ്ടായിരുന്നെന്നും പറഞ്ഞു. 

പിന്നീട് പിടിച്ചുപറി നടന്ന സമയം, കൃത്യം നടന്ന സ്ഥലങ്ങളിലേക്ക് പ്രതി വരുന്നതും പോകുന്നതുമായ അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽ നിന്നും, എല്ലാം തന്നെ വ്യക്തമായ ഇടവേളകളിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണെന്നും ഇയാൾ കൃത്യം നടത്തി തിരിച്ചു പോകാറുള്ള ഏകദേശ വഴിയും അന്വേഷണ സംഘം മനസ്സിലാക്കി. തുടർന്ന് ഈ ഭാഗങ്ങളിലുള്ളവരെ കേന്ദ്രീകരിച്ച് രഹസ്യമായി അന്വേഷണം നടത്തിവരികയും പൊലീസ് വാഹന പരിശോധന ശക്തമാക്കു കയും ചെയ്തിരുന്നു. ഓണാഘോഷത്തിനു മുന്നോടിയായി സ്നാച്ചിങ്ങ് നടക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ സിറ്റി ക്രൈം സ്ക്വാഡ് ദിവസങ്ങളായി ഈ പ്രദേശങ്ങളെ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മായനാട് കളരി ബസ്സ് സ്റ്റോപ്പിനു സമീപത്തെ വാഹന പരിശോധനയിലാണ് ഇയാൾ  പൊലീസ് പിടിയിലായത്.

പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കോഴിക്കോട് സിറ്റിയിലെ ചേവായൂർ,മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും മുപ്പത്തിലധികം സ്നാച്ചിങ്ങുകൾ നടത്തിയിട്ടുള്ളതായി പ്രതി പൊലീസിനോട് സമ്മതിച്ചു. പരമാവധി സിസിടിവി ദൃശ്യങ്ങളിൽ പ്പെടാതിരിക്കാൻ വലിയ വാഹനങ്ങളോട് പതുങ്ങി ചേർന്നായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൂടാതെ സ്നാച്ചിങ്ങിന് വരുമ്പോൾ ബൈക്കിന്‍റെ ശരിയായ നമ്പർ പ്ലേറ്റ് മാറ്റി മറ്റുള്ളവർക്ക് മനസ്സിലാവാത്ത രീതിയിലുള്ള ചെറിയ അക്ഷരത്തിലുള്ള നമ്പർ പ്ലേറ്റുകളുമാണ് പ്രതി ഉപയോഗിച്ചിരുന്നത്. 

കുടുംബ പ്രാരാബ്ധവും വർദ്ധിച്ചു വന്ന കടവുമാണ് മാല പിടിച്ചുപറിയിലേക്ക് വരാൻ കാരണമായതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങേണ്ടതുണ്ടെന്നും, വ്യക്തമായ രേഖകൾ ഇല്ലാതെ സ്വർണ്ണവും മറ്റും വിൽക്കുന്നവർക്കും വാങ്ങുന്നവർക്കുമെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ കോളേജ്      എസിപി കെ. സുദർശൻ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഒറ്റക്ക് പോകുന്ന വഴികൾ മനസ്സിലാക്കി തക്കം നോക്കി ആക്രമിച്ച് മാല പൊട്ടിക്കുന്ന രീതിയാണ് ഇയാൾക്ക്. ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല എന്നുള്ള അധിക ആത്മവിശ്വാസവും പ്രതിക്കുണ്ടായിരുന്നു. 

നല്ലളം സ്വദേശിയായ നൗഷാദ് വിവാഹ ശേഷം ഇപ്പോൾ രണ്ട് വർഷത്തോളമായി കൊണ്ടോട്ടിയിൽ വാടകക്ക് താമസിക്കുകയാണ്. ഇപ്പോൾ കൊണ്ടോട്ടി ഭാഗങ്ങളിൽ കാർ വില്പനക്കാരിലെ ഇടനിലകാരനായി ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ഇ. മനോജ്, സീനിയർ സി പി ഒ എം.ഷാലു, സി പി ഒ മാരായ എ. പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ എന്നിവരെ കൂടാതെ മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലു സബ്ബ് ഇൻസ്പെക്ടർ രമേഷ് കുമാർ എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം