
ചാരുംമൂട്: വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി യുവതിയിൽ നിന്ന് 7,70,000 രൂപ കവർന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. എടത്വ പച്ച കിഴക്ക് മുറിയിൽ പാറേച്ചിറ വീട്ടിൽ സുമേഷ് (25)നെയാണ് ഇടുക്കി അറക്കുളം, നാടുകാണി പുളിക്കല്‍ വീട്ടിൽ നിന്ന് കുറത്തികാട് പൊലീസ് അറസ്റ്റു ചെയ്തത്. കുറത്തികാട് സ്വദേശിയായ യുവതിയുടെ വിവാഹ പരസ്യം കണ്ടാണ് വിദേശത്ത് ജോലി ചെയ്യുന്ന സഹോദരൻ വിഷ്ണുവിന് വേണ്ടി വിവാഹം ആലോചിക്കുന്നുവെന്ന വ്യാജേന സുമേഷ് യുവതിയുടെ വീടുമായി ബന്ധപ്പെടുന്നത്.
താന്‍ ചെങ്ങന്നൂർ രജിസ്ട്രാർ ഓഫീസിൽ ജോലി ചെയ്യുകയാണെന്നും ഇയാൾ പറഞ്ഞു. തുടർന്ന് വിഷ്ണു ആണെന്ന് പറഞ്ഞ് യുവതിയുമായി നിരന്തരം ബന്ധപ്പെടുകയും ഫോൺ വഴി മെസ്സേജുകൾ അയച്ച് അടുപ്പം കൂട്ടി വിവാഹം ഉറപ്പിക്കുകയും ചെയ്തു. പിന്നീട് വിഷ്ണു മലേറിയ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും, ബാങ്ക് അക്കൗണ്ട് ബ്ലോക്കായതിനാൽ പണം പിൻവലിക്കാൻ കഴിയാത്തതിനാൽ വിഷ്ണുവിന്റെ അളിയന്റെ അക്കൗണ്ടാണെന്ന് പറഞ്ഞ് സുമേഷിന്റെ അക്കൗണ്ടിലേക്ക് പല തവണകളിലായി അഞ്ചുലക്ഷം രൂപ യുവതിയെക്കൊണ്ട് ട്രാൻസ്ഫർ ചെയ്യിച്ചാണ് ആദ്യം തട്ടിപ്പ് നടത്തിയത്.
തുടർന്ന് യുവതിയുടെ വീട്ടിലെത്തി പലതവണകളിലായി 2,70,000 രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. തുടർന്ന് രോഗം ഗുരുതരമായതിനെ തുടർന്ന് വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുമ്പോൾ വിഷ്ണു മരിച്ചെന്ന് കാട്ടി യുവതിയുടെയും മാതാപിതാക്കളുടെയും ഫോണിലേക്ക് വിഷ്ണുവിന്റെ എന്ന പേരിൽ വ്യാജമായി ഫോട്ടോ ഉണ്ടാക്കി അയച്ചുകൊടുക്കുകയും ചെയ്തു. വിഷ്ണുവിന്റെ മൃതശരീരവുമായി വന്ന ആംബുലൻസ് മറിഞ്ഞെന്നും അപകടത്തിൽ സുമേഷ് മരിച്ചെന്ന് കാട്ടി സഹോദരിയെന്ന പേരിൽ യുവതിയുടെ പേരിൽ സന്ദേശങ്ങൾ അയച്ചു.
ഇതിനായി സഹോദരങ്ങൾ മരിച്ചെന്ന പേരിൽ വ്യാജവാർത്ത ഉണ്ടാക്കി പത്രങ്ങളിൽ വന്നതാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. ആദരാഞ്ജലികൾ എന്ന പേരിൽ പോസ്റ്റർ ഉണ്ടാക്കിയാണ് സന്ദേശങ്ങൾ അയച്ചത്. യുവതിയെ കുടുംബത്തെയും അപകീർത്തിപെടുത്തുന്ന രീതിയിലുള്ള നോട്ടീസുകള്‍ രാത്രി കാലങ്ങളിൽ ഇയാൾ നാട്ടിൽ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മൊബൈൽ ഫോൺ വഴി യുവതി അയച്ചുകൊടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീണ്ടും പണം തട്ടാനുള്ള ശ്രമം ഉണ്ടായതിനെ തുടർന്നാണ് യുവതിയുടെ മാതാപിതാക്കൾ കുറത്തികാട് പൊലീസിൽ പരാതി നൽകിയത്. ജില്ലാ പൊലീസ് സൂപ്രണ്ട്, ചെങ്ങന്നൂർ ഡിവൈഎസ്പി എന്നിവരുടെ നിർദേശത്തെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് സുമേഷിനെ അറസ്റ്റു ചെയ്തത്.
പ്രതി തട്ടിപ്പിനായി ഉപയോഗിച്ച മൂന്ന് മൊബൈൽ ഫോണുകളും, ലാപ്ടോപ്പ്, പ്രിന്റർ എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഇയാളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നതായും, സംഭവത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായും കുറത്തികാട് എസ്ഐ വിപിൻ പറഞ്ഞു. എഎസ്ഐ നിയാസ്, സിവിൽ പൊലീസ് ഓഫീസര്‍മാരായ സിജു, വിനോദ്, പുഷ്പൻ, ഹരി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam