ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാമെന്ന് പറഞ്ഞ് കുടുംബശ്രീ അംഗങ്ങളുടെ പണം തട്ടി; പ്രതി പിടിയില്‍

Published : Sep 14, 2023, 12:15 PM IST
ഹോം മെയ്ഡ് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാമെന്ന് പറഞ്ഞ് കുടുംബശ്രീ അംഗങ്ങളുടെ പണം തട്ടി; പ്രതി പിടിയില്‍

Synopsis

മൂന്നാര്‍ സിഡിഎസ് ചെയര്‍പേഴ്‌സന്‍ ഹേമലതയുടെ തന്ത്രപരമായ നീക്കമാണ് പ്രതിയെ വലയിലാക്കിയത്. 

മൂന്നാര്‍: വീടുകളില്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വാങ്ങി വിദേശ രാജ്യങ്ങളില്‍ കയറ്റുമതി ചെയ്ത് വില്‍പ്പന നടത്താമെന്ന് പറഞ്ഞ് പണം തട്ടുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയില്‍. സബിന്‍ രാജ് എന്നയാളാണ് അറസ്റ്റിലായത്. മൂന്നാര്‍ സിഡിഎസ് ചെയര്‍പേഴ്‌സന്‍ ഹേമലതയുടെ തന്ത്രപരമായ നീക്കമാണ് പ്രതിയെ വലയിലാക്കിയത്. 

വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങള്‍ മാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പന നടത്തുന്നതോടൊപ്പം വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാമെന്ന് പറഞ്ഞാണ് കുടുംബശ്രീ അംഗങ്ങളെ കബളിപ്പിച്ച് സബിന്‍ രാജും സംഘവും പണം തട്ടിയിരുന്നത്. എറണാകുളം കടവന്ത്രയില്‍ എക്സ്പോര്‍ടിംഗ് കമ്പനിയുണ്ടെന്ന് സബിന്‍ രാജ് കുടുംബശ്രീ അംഗങ്ങളെ  വിശ്വസിപ്പിച്ചു. എന്നാല്‍ അങ്ങനെയൊരു കമ്പനിയില്ലെന്ന് പിന്നീട് വ്യക്തമായി. 

തുടര്‍ന്ന് മൂന്നാര്‍ സിഡിഎസ് ചെയര്‍പേഴ്‌സന്‍ ഹേമലതയും അംഗങ്ങളും നടത്തിയ തന്ത്രപരമായ നീക്കങ്ങളാണ് സബിന്‍ രാജിന്‍റെ അറസ്റ്റിലെത്തിയത്. ട്രെയിനിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സബിന്‍ രാജിനെ മൂന്നാറിലെത്തിക്കുകയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതായതോടെ, ട്രെയിനിംഗിന് സ്ത്രീകള്‍ എത്തിയിട്ടുണ്ടെന്നുള്ള വിവരം വാട്‌സപ്പ് ഗ്രൂപ്പില്‍ നല്കിയതോടെയാണ് സബിന്‍ മൂന്നാറിലെത്തിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പ്രതി തന്ത്രപരമായാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. ആദ്യം പ്രതിയുടെ സംഘത്തിലെ ഒരാള്‍ അതാത് പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പേഴ്‌സനെ നേരില്‍ കണ്ട് കാര്യങ്ങള്‍ പറയും. ഇവരെ വിശ്വാസത്തില്‍ എടുത്ത ശേഷം കുടുംബശ്രീ അംഗങ്ങളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കും. അംഗങ്ങളെ ഉള്‍പ്പെടുത്തി ട്രെയിനിംഗ് ക്ലാസ് നടത്തുകയും പണം കൈപ്പറ്റുകയും ചെയ്യും.  മൂന്നാറില്‍ മാത്രം ഇത്തരത്തില്‍ ഏഴോളം ക്ലാസുകള്‍ പ്രതി നടത്തിയെന്ന് പൊലീസ് പറഞ്ഞു. ഇടുക്കിയില്‍ 37 പേരാണ് സബിന്‍റെ തട്ടിപ്പിന് ഇരകളായത്. ഇവര്‍ക്ക് പണം മടക്കി ലഭിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഹേമലത പറഞ്ഞു. 

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു