ബേക്കറിയില്‍ മദ്യവില്‍പ്പന; അനധികൃതമായി സൂക്ഷിച്ചിരുന്ന14 ലിറ്റർ മദ്യം പിടിച്ചെടുത്തു

By Web TeamFirst Published Sep 23, 2019, 8:38 AM IST
Highlights

അർധരാത്രി വരെ കട തുറന്നിരിക്കുന്നതും കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ സ്ഥിരമായി എത്തുന്നു എന്നുമുള്ള പരാതിയെ തുടർന്നു പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ്  പ്രതി കുടുങ്ങിയത്.

ആലപ്പുഴ: ആലപ്പുഴയില്‍ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന14 ലിറ്റർ മദ്യം പിടിച്ചെടുത്തു. നിയമവിരുദ്ധമായി വിദേശ മദ്യം കൈവശം വച്ചതിന് വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടാരമ്പലം ആഞ്ഞിലിപ്ര കൊച്ചുതെക്കടത്ത് ബോബിവില്ലയിൽ തോമസ് സഖറിയ (59)ആണ് അറസ്റ്റിലായത്.

ഇയാളുടെ വീടിനോടു ചേർന്നുള്ള ബേക്കറിയും കാർപോർച്ചും കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടക്കുകയായിരുന്നു. അർധരാത്രി വരെ കട തുറന്നിരിക്കുന്നതും കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇവിടെ സ്ഥിരമായി എത്തുന്നു എന്നുമുള്ള പരാതിയെ തുടർന്നു പൊലീസ് നടത്തിയ നിരീക്ഷണത്തിലാണ്  പ്രതി കുടുങ്ങിയത്.

ബിവറേജസ് കോർപറേഷൻ മദ്യവിൽപന ശാലയിൽ നിന്നു ദിവസവും മൂന്ന് കുപ്പി മദ്യം വീതം വാങ്ങി സൂക്ഷിക്കുന്ന തോമസ് സഖറിയ മദ്യം 200 മില്ലി വീതം കൊള്ളുന്ന ജ്യൂസ് കുപ്പിയിലാക്കി 100മുതൽ 150 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. ഏറെക്കാലം വിദേശത്തായിരുന്ന തോമസ് ഒറ്റക്കായിരുന്നു താമസം. ഇയാളുടെ കാർ പോർച്ച്, കാർ എന്നിവിടങ്ങളിൽ നിന്നായി വിവിധ കുപ്പികളിലായി 14ലിറ്റർ മദ്യം പൊലീസ് കണ്ടെടുത്തു.  ഒരു വർഷമായി ഇയാൾ കച്ചവടം നടത്തുന്നുണ്ട്.

click me!