
പത്തനംതിട്ട: വൈദികനെന്ന വ്യാജേന വീട്ടിലെത്തി മാല കവർന്ന കേസിൽ വയോധികയോട് പറഞ്ഞ വാക്ക് പാലിച്ച് അടൂർ സിഐ ശ്യാം മുരളി. മാല പൊട്ടിച്ച് മുങ്ങിയ മോഷ്ടാവിനെ പിടികൂടി മുന്നിലെത്തിക്കുമെന്നായിരുന്നു ശ്യാം മുരളി അടൂർ ഏനാദിമംഗലത്തെ മറിയാമ്മയോട് പറഞ്ഞിരുന്നത്. മോഷണം നടന്നതിന്‍റെ പിന്നാലെ തന്നെ പൊലീസ് മോഷ്ടാവ് ഷിബുവിനെ അടൂരിനെ പൊക്കി. രാത്രി വൈകിയിട്ടും സിഐ വാക്ക് പാലിച്ചു. മോഷ്ടാവുമായി മറിയാമ്മ ചേട്ടത്തിയുടെ അടുത്തെത്തി.
'അമ്മച്ചിയേ, ഇതല്ലേ ആള്, പറഞ്ഞ് വാക്ക് പാലിച്ചേ' എന്ന് പറഞ്ഞാണ് സിഐയും സംഘവും വീട്ടിലെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞ മറിയാമ്മ ചേട്ടത്തി പ്രായമുള്ളവരോട് ഒരിക്കലും ഈ ചതി ചെയ്യരുതെന്ന് മോഷ്ടാവിനെ ഉപദേശിച്ചു. കഴിഞ്ഞ ദിവസമാണ് വൈദികനെന്ന വ്യാജേന വീട്ടിലെത്തിയ കാഞ്ഞിരംകുളം സ്വദേശി ഷിബു എസ് ഷിബു വീട്ടിൽ കയറി പ്രാർത്ഥിച്ച ശേഷം വൃദ്ധയുടെ മാല മോഷ്ടിച്ച് കടന്നത്.
ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ പ്രതിയുടെ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാനും ഷിബു ശ്രമിച്ചിരുന്നു. ലോക്കപ്പിനുള്ളിൽ നിന്ന് പൊലീസുകാരുടെ നേർക്ക് വിസർജ്യം എറിഞ്ഞായിരുന്നു ഇയാളുടെ പരാക്രമം. മറ്റൊരു കേസിൽ ഓക്ടോബർ 30ന് ജയിൽ മോചിതനായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും മോഷണം. ഏനാദിമംഗലം തോട്ടപ്പാലം സ്വദേശികളായ ബേബി - മറിയാമ്മ ദമ്പതികളാണ് മോഷണത്തിനിരയായത്.
വൈദികൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വീട്ടിലെത്തി. സഭയുമായി ബന്ധപ്പെട്ട ഒരു ധനസഹായം കുടുംബത്തിന് അനുവദിച്ചിട്ടുണ്ടെന്നും അത് ലഭ്യമാകാൻ ആയിരം രൂപ നൽകണമെന്നും മറിയാമ്മയെ അറിയിച്ചു. പണം വാങ്ങിയ ശേഷം വീടിനുള്ളിൽ കയറി പ്രാർത്ഥിച്ചു. പിന്നാലെ മറിയാമ്മയുടെ കഴുത്തിൽ കിടന്ന ഒരു പവന്‍റെ മാലയും പൊട്ടിച്ചോടുകയായിരുന്നു.
Read More : തിരുവനന്തപുരത്ത് പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് സംശയം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam