
ആലപ്പുഴ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ചേർത്തല തെക്ക് പഞ്ചായത്ത് പള്ളിപ്പറമ്പിൽ ബിനോയി എന്നു വിളിക്കുന്ന ജോസ് മോൻ (28) ആണ് പിടിയിലായത്. അർത്തുങ്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം ചാറ്റിംഗിലൂടെ ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ട് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് മറ്റൊരു പെൺകുട്ടിയെ ഇയാൾ വിവാഹം കഴിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഇൻസ്പക്ടർ പി ജി മധു പറഞ്ഞു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് 5 വർഷം തടവ്
തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും. കീഴാറൂർ മൈലച്ചൽ കൈതക്കുഴി വെട്ടുകോണം കിഴക്കിൻകര പുത്തൻവീട്ടിൽ അജിത്തിനെയാണ് (ചിക്കു-27) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2024 ഫെബ്രുവരി 13 നായിരുന്നു കേസിനാസ്പദമായ സംഭവം. ഈ ദിവസം കുട്ടിയുടെ സഹോദരി മരിച്ച ദിവസമായിരുന്നു. ബന്ധുവായ പ്രതിയും മരണ വീട്ടിലെത്തിയിരുന്നു. രാത്രിയോടെ പ്രതി കുട്ടിയെ ഉറക്കാനെന്ന വ്യാജേന അടുത്ത മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് ശരീര ഭാഗങ്ങളിൽ അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ മാതാവ് മലയിൻകീഴ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചപ്പോഴാണ് പീഡന വിവരമറിയുന്നത്. തുടർന്ന് ഡോക്ടർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അന്നത്തെ മലയിൻകീഴ് സബ് ഇൻസ്പെക്ടർ പി. ആർ. രാഹുലാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഡി. ആർ. പ്രമോദ് ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam