സ്ത്രീവേഷത്തിലെത്തി ക്ഷേത്രങ്ങളില്‍ മോഷണം, ഒടുവില്‍ യുവാവ് പിടിയില്‍

By Web TeamFirst Published Sep 22, 2019, 5:19 PM IST
Highlights

ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നൈറ്റി ധരിച്ചു മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. 

കൊല്ലം: സ്ത്രീവേഷം ധരിച്ച് ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയാളെ പൊലീസ് പിടികൂടി. കുളത്തുപ്പുഴ അരിപ്പ കല്ലുകുഴി സ്വദേശി മുഹമ്മദ്‌ ഹാരിസ് (23) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കുളത്തുപ്പുഴ ആനക്കൂട് ശിവക്ഷേത്രത്തിലും ടൗണ്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും കവര്‍ച്ച നടന്നത്.

ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നൈറ്റി ധരിച്ചു മുഖം മറച്ച ഒരാളാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സിസിടിവിയിൽ കണ്ട ആളിന്റെ രൂപസാദ്യശ്യമുള്ള മറ്റൊരാളെ കുളത്തുപ്പുഴ ന​ഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ കണ്ടെത്തി.

ഈ ​ദൃശ്യങ്ങൾ ഉപയോ​ഗിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. മോഷണ സ്ഥലത്തുനിന്നും പ്രതിയുടെ വിരലടയാളം കിട്ടിയതും കേസിൽ പൊലീസിന് സഹായകമായി. പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. മോഷണ ശേഷം വെള്ളമൊഴിച്ച് തെളിവുകള്‍ നശിപ്പിച്ചതും ശരീരത്ത് ചെളി തേച്ചിരുന്നതായും പ്രതി പൊലീസിനോട് വിശദീകരിച്ചു. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

click me!