
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ ചൊവ്വന്നൂരിൽ വൻ കഞ്ചാവ് വേട്ട. അര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. ചൊവ്വന്നൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ വിബീഷി (35)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലുണ്ടായിരുന്ന അര കിലോ കഞ്ചാവും പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വന്നൂര്‍ ബ്ലോക്ക് റോഡിലെ ത്രിവേണി ഗോഡൗണിന് സമീപത്ത് കഞ്ചാവ് വില്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കൈവശമുണ്ടായിരുന്ന ബാഗിനുള്ളില്‍ കവറിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
വിബീഷിൻ്റെ ബാഗ് തുറന്നപ്പോൾ തന്നെ കഞ്ചാവ് കണ്ടെത്തി. പിന്നീട് തൂക്കി നോക്കിയപ്പോഴാണ് അര കിലോ ഭാരമുണ്ടെന്ന് വ്യക്തമായത്. ഓണം അടുത്തിരിക്കെ ലഹരി ഉൽപ്പന്നങ്ങളുടെ കച്ചവടം വ്യാപകമായി നടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് ഇവിടെ പരിശോധന നടത്തിയത്. മേഖലയിൽ വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.