എസ്‍പി എന്നറിയപ്പെടുന്ന സ്പാസ്മോ പ്രോക്സിവോൺ പ്ലസ്; കോഴിക്കോട് വീണ്ടും ലഹരി വേട്ട

By Web TeamFirst Published Dec 8, 2019, 10:37 AM IST
Highlights

ലഹരി ഗുളികകൾക്കിടയിൽ എസ്‍പി എന്ന ഓമന പേരിലറിയപ്പെടുന്ന സ്പാസ് മോ പ്രോക്സിവോൺ പ്ലസിന്റെ 24  കാപ്സ്യൂളുകൾ അടങ്ങിയ ഒരു സ്ട്രിപ്പ് മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുന്നത് 150 രൂപക്കാണ്.  ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കാറില്ല

കോഴിക്കോട്: കോഴിക്കോട്  നഗരത്തിൽ വീണ്ടും പൊലീസിന്‍റെ ലഹരിവേട്ട. രണ്ടായിരത്തി എണ്ണൂറോളം സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ലഹരി ഗുളികകളുമായാണ് ഒരാൾ അറസ്റ്റിലായത്. കല്ലായി വലിയപറമ്പിൽ സഹറത്ത് (43) നെയാണ് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പന്നിയങ്കര പൊലീസും നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്ന് കല്ലായ് റെയിൽവേ ഗുഡ്സ് യാർഡിനു സമീപത്ത് നിന്നും പിടികൂടിയത്.

2800-ഓളം  ലഹരി ഗുളികകൾ ഇയാളിൽ നിന്നും കണ്ടെടുത്തു. പുതുവത്സര ആഘോഷരാവുകളിൽ മാറ്റുകൂട്ടുന്നതിനായി വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇത്രയധികം ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. ലഹരി ഗുളികകൾക്കിടയിൽ എസ്‍പി എന്ന ഓമന പേരിലറിയപ്പെടുന്ന സ്പാസ് മോ പ്രോക്സിവോൺ പ്ലസിന്റെ 24  കാപ്സ്യൂളുകൾ അടങ്ങിയ ഒരു സ്ട്രിപ്പ് മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കുന്നത് 150 രൂപക്കാണ്.  

ഡോക്ടറുടെ കുറിപ്പില്ലാതെ ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കാറില്ല. അമിതാദായത്തിനായി നിയമവിരുദ്ധമായി ഇത്തരം ഗുളികകൾ കച്ചവടം ചെയ്യുന്ന ഹൈദരാബാദിലെ ചില ഷോപ്പുകളിൽ നിന്നാണ് ഇയാൾ വലിയ അളവിൽ ഈ ലഹരി കോഴിക്കോട്ടെത്തിച്ചത്.

24 ഗുളികകളടങ്ങിയ ഒരു സ്ട്രിപ്പിന്റെ യഥാർത്ഥ വില 200 രൂപയിൽ താഴെ മാത്രമാണ്. നിയമവിരുദ്ധമായി പിൻവാതിൽ വഴി സ്ട്രിപ്പിന് 1300 രൂപക്കാണ്  ഹൈദരാബാദിലെ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന്  ഈ ലഹരി ഗുളികകൾ ഇയാൾ വാങ്ങിക്കുന്നത്. ലഹരി ഉപയോക്താക്കളായ  യുവതീയുവാക്കൾക്കിടയിൽ 1800-2000 രൂപയ്ക്കാണ്  വില്പന നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. 

കാലങ്ങളായി ലഹരിക്ക് അടിമയായ ഇയാൾ അമിതാദായത്തിനും തനിക്ക് ലഹരി ഉപയോഗിക്കുന്നതിനാവശ്യമായ പണം കണ്ടെത്തുന്നതിനുമാണ് ഈ കച്ചവടത്തിലേക്ക് കടന്നത്.  ആന്ധ്രയിൽ നിന്നും  ട്രെയിൻ മാർഗ്ഗമാണ് ഇത്തരം ലഹരി ഗുളികകൾ ജില്ലയിൽ എത്തിച്ചിരുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറഞ്ഞു. പൊലീസിനെയും എക്സൈസിനെയും കബളിപ്പിക്കുന്നതിനായി ഗുളികകൾ സ്ട്രിപ്പിൽ നിന്ന് പുറത്തെടുത്ത് കവറിലാക്കിയാണ് ഇയാൾ കൊണ്ടു നടക്കാറുള്ളത്.

സ്പാസ്മോ പ്രോസിവോൺ ഗുളികകൾ കഠിനമായ വേദനസംഹാരിയാണ്. ഇവ ഉപയോഗിക്കുമ്പോൾ ഗന്ധമോ മറ്റു ലക്ഷണങ്ങളോ കാണിക്കാത്തതിനാൽ ഇവ ഉപയോഗിക്കുന്നവരെ കണ്ടു പിടിക്കുക എന്നത് വളരെയധികം പ്രയാസകരമാണ്. വളരെ ചെറിയ അളവിൽ ഉപയോഗിച്ച് തുടങ്ങുന്നവർ വളരെ കുറഞ്ഞ കാലയളവിൽ തന്നെ ഈ ലഹരിക്ക് അടിമപ്പെടും.

ലഹരി ഉപയോഗിക്കാത്ത അവസരത്തിൽ ശക്തമായ ശരീരവേദനയും വിഷാദവും അനുഭവപ്പെടും. പന്നിയങ്കര പൊലീസ് സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ, എ എസ് ഐ ദിലീപ്, സീനിയർ സി പി ഒ വിനീഷ്, സി പി ഒ രമേഷ്, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ജോമോൻ കെ എ, നവീൻ എൻ, സോജി പി, രജിത്ത് ചന്ദ്രൻ, രതീഷ് എം കെ, ജിനേഷ് എം, സുമേഷ് എ വി എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.

click me!