മകന്‍റെ ഹൃദയ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരു പങ്ക് ദുരിതബാധിതര്‍ക്ക് നൽകി അഷ്റഫ്

By Web TeamFirst Published Aug 16, 2019, 6:50 PM IST
Highlights

'നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതില്‍ നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ'.  മകന്‍ മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരു പങ്ക്  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് അഷറഫ് പറഞ്ഞു.
 

കോഴിക്കോട്: മകന്‍റെ ഹൃദയ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരു പങ്ക് ദുരിതബാധിതര്‍ക്ക് നൽകി ഏത് പ്രളയത്തെയും നമ്മള്‍ക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് സമൂഹത്തോട് വിളിച്ചുപറയുകയാണ് അഷറഫ്. 'നിരവധി സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മകന്റെ ചികിത്സ നടക്കുന്നത്. അതില്‍ നിന്നും ഒരുപങ്ക് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കുന്നതില്‍ സന്തോഷമേ ഉള്ളൂ'.  മകന്‍ മിഖ്ദാദിന്റെ ഹൃദ്രോഗ ചികിത്സക്ക് സ്വരുക്കൂട്ടിയതില്‍ നിന്നും ഒരുപങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തശേഷം കൊടുവള്ളി എരഞ്ഞിക്കോത്ത് സ്വദേശി അഷറഫ് പറഞ്ഞു.

കളക്ട്രേറ്റിലെത്തി ജില്ലാകളക്ടര്‍ സാംബശിവ റാവുവിനാണ് അഷറഫ് ചെക്ക് കൈമാറിയത്.  ജന്മനാ ഹൃദയസംബന്ധമായ അസുഖമുള്ള മിഖ്ദാദ് ഇപ്പോഴും  ചികിത്സയില്‍ തുടരുകയാണ്. ഇതിനോടകം മൂന്ന് ശസ്ത്രക്രിയകള്‍ക്ക് ഈ ഒന്‍പതുകാരന്‍ വിധേയനായി. മുക്കം പ്രതീക്ഷ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ത്ഥിയാണ് മിഖ്ദാദ്. മിഖ്ദാദിന് പതിനഞ്ച് വയസ്സ് വരെ ചികിത്സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എല്ലാ മാസവും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തി ഹൃദയാരോഗ്യം മെച്ചപ്പെടുന്നുണ്ടോ എന്നറിയാന്‍ പരിശോധന നടത്തണം.  

പ്രവാസികളുടെ സഹായത്തോടെയാണ് ഒന്‍പത് വര്‍ഷമായി കുട്ടിക്ക് ചികിത്സ നടത്തുന്നത്. പണം നല്‍കുന്നതറിഞ്ഞപ്പോള്‍ സംസാര ശേഷിയില്ലാത്ത മിഖ്ദാദിനും സന്തോഷമായെന്ന് അഷറഫ് പറയുന്നു. പണം കൂടുതല്‍ ആയതുകൊണ്ടല്ല,  മ്മളേക്കാള്‍ ദുരിതം പേറുന്നവര്‍ ഉണ്ടല്ലോ എന്ന് ഓര്‍ത്തപ്പോള്‍ ഒരു പങ്ക് നല്‍കണം എന്നു തോന്നി. കൂടുതല്‍ പേര്‍ക്ക് ഇത് പ്രചോദനം നല്‍കുമെന്നാണ് വിശ്വസിക്കുന്നത്.  അഷറഫ് പറയുന്നു.

click me!