
പുല്‍പ്പള്ളി: പാമ്പിന് പകയില്ലെന്ന് വിദഗ്ധര്‍ പറയുമ്പോഴും പറമ്പില്‍ എവിടെ പാമ്പുണ്ടെങ്കില്‍ ഈ വയനാട്ടുകാരന് പാമ്പുകടിയുറപ്പാണ്. പറമ്പില്‍ പണിക്കിറങ്ങിയാലും നടക്കാനിറങ്ങിയാലും വയനാട് പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശി കാട്ടുമാക്കില്‍ പത്മനാഭനെ പാമ്പുകൊത്തും. കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കില്‍ കൂടിയും പാമ്പിന് പകയുണ്ടെന്ന് കരുതുന്നില്ലെന്ന് പാമ്പേട്ടന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന പത്മനാഭന്‍ പറയുന്നു. 35 തവണയാണ് പത്മനാഭനെ പാമ്പ് കടിച്ചിട്ടുള്ളത്.
പാമ്പ് കൊത്തുന്നത് പതിവായപ്പോള്‍ അടുത്ത സുഹൃത്ത് ചെന്നൈ സ്നേക് പാര്‍ക്കില്‍ വിളിച്ച് വിവരം തിരക്കിയിരുന്നു. അവിടെ നിന്നും വ്യക്തമായ ഒരു കാരണം പറഞ്ഞില്ല. പാമ്പിനെ ആകര്‍ഷിക്കുന്ന രീതിയില്‍ ഒന്നും തന്നെ മനുഷ്യ ശരീരത്തില്‍ നിന്ന് പുറപ്പെടുന്നില്ലെന്നും സ്നേക്ക് പാര്‍ക്ക് അധികൃതര്‍ വിശദമാക്കിയതായി പത്മനാഭന്‍ പറയുന്നു. മുപ്പതാമത്തെ വയസിലാണ് ആദ്യമായി പാമ്പുകടിയേല്‍ക്കുന്നത്. പാമ്പിനെ അറിയാതെ ചവിട്ടിയപ്പോഴും പാമ്പ് കടിച്ച അനുഭവമുണ്ട്, അതേപൊലെ വെറുതെ നില്‍ക്കുമ്പോഴും പാമ്പ് കടിച്ച അനുഭവമുണ്ടെന്ന് പത്മനാഭന്‍ ചേട്ടന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
സുഹൃത്തുക്കളൊപ്പം പോകുമ്പോഴും പാമ്പ് തന്നെ കടിച്ചിട്ടുണ്ട്. ആദ്യമൊക്കെ പേടിയായിരുന്നു. പിന്നീട് പാമ്പിനെ പിടിക്കാന്‍ തുടങ്ങി. മൂര്‍ഖനാണ് കടിച്ചതില്‍ ഏറ്റവും കൂടുതലെന്നും ഇദ്ദേഹം പറയുന്നു. സമാനമായ രീതിയില്‍ പത്മനാഭന്‍റെ പിതാവിനും മുത്തച്ഛനും നിരവധി തവണ കടിയേറ്റിട്ടുണ്ട്. പാമ്പിന്‍റെ പകയാണെന്നും മറ്റും നാട്ടുകാര്‍ സ്ഥിരം പറഞ്ഞതോടെ ക്ഷേത്ര സന്ദര്‍ശനവും പള്ളി സന്ദര്‍ശനവും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. പിതാവ് പൂജകളും ക്രിയകളും ഹോമവുമൊക്കെ ചെയ്തിരുന്നു.
പാമ്പേട്ടാന്ന് വിളിക്കുമ്പോള്‍ പരിചയമില്ലാത്തവര്‍ മദ്യപിച്ച് കിടക്കുന്നയാളെന്ന രീതിയില്‍ കരുതും. അതില്‍ ചെറിയൊരു വിഷമം ഉണ്ടെന്നല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ഇന്ന് ഏത് തരം പാമ്പ് കടിച്ചാലും ചികിത്സയുണ്ട്. ഭയപ്പെടേണ്ട ആവശ്യമില്ലെന്നും പത്മനാഭന്‍ പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam