
കൊച്ചി: ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ തലശ്ശേരി സ്വദേശി അറസ്റ്റിൽ. കണ്ണൂർ ന്യൂ മാഹി പെരിങ്ങാടി കുമാരലയം വീട്ടിൽ മിറോഷ് സി.ടി (41) എന്നയാളെയാണ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്. സിസിടിവിയിൽ പതിഞ്ഞ ഒരു കടയുടെ കവറിലെ തീരെ ചെറിയ എംബ്ലം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വലുതാക്കിയതാണ് കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിട്ട് എറണാകുളത്തു നിന്നും എളമക്കരയിലെ വീട്ടിലേക്ക് മടങ്ങാനായി ബസ്സിൽ കയറിയ പെൺകുട്ടിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടിയുടെ പുറകിൽ നിന്ന പ്രതി വളരെ മോശമായി പെരുമാറുകയായിരുന്നു. കുട്ടി പലതവണ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പ്രതി ശല്യം തുടർന്നു. കൂടെയുണ്ടായിരുന്ന സഹപാഠിയും ഈ സംഭവത്തിന് സാക്ഷിയായിരുന്നു. വീട്ടിലെത്തിയ കുട്ടികൾ വിവരം രക്ഷിതാക്കളെ അറിയിക്കുകയും തുടർന്ന് എളമക്കര പോലീസിൽ പരാതി നൽകുകയും ചെയ്തു.
സംഭവം നടന്നത് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അന്വേഷണം നോർത്ത് പോലീസിന് കൈമാറി. ബസ് നിർത്തിയ വിവിധ സ്റ്റോപ്പുകളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച പോലീസ് എളമക്കര പുതിയ റോഡ് ഭാഗത്ത് പ്രതി ഇറങ്ങിയതായി കണ്ടെത്തി. എന്നാൽ പിന്നീട് ഇയാളെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ, പുതിയ റോഡിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതി ഒരു തുണിക്കടയുടെ കവറുമായി നിൽക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ദൃശ്യങ്ങളിൽ വളരെ ചെറുതായി മാത്രം കാണപ്പെട്ടിരുന്ന കടയുടെ എംബ്ലം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തമാക്കിയാണ് അത് ഏത് വസ്ത്രസ്ഥാപനമാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
തുടർന്ന് ആ വസ്ത്ര സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറകൾ മണിക്കൂറുകളോളം പരിശോധിച്ച് പ്രതി കൗണ്ടറിൽ ബില്ല് അടയ്ക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സ്വന്തമായി ലേഡീസ് സ്റ്റിച്ചിങ് യൂണിറ്റ് നടത്തുന്ന പ്രതിയെ പോലീസ് വലയിലാക്കിയത്. എറണാകുളം സെൻട്രൽ എ.സി.പി സിബി ടോമിന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കെ.ഒ, സബ് ഇൻസ്പെക്ടർമാരായ അനൂപ് ചാക്കോ, ഇ.എം. ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സുനിൽ ജലീൽ, എസ്.സി.പി.ഒ മാരായ വിബിൻ, അജിലേഷ്, പ്രശാന്ത് ബാബു, ഹരീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam