60അടി താഴ്ചയുള്ള കിണറ്റില്‍ കാല്‍തെറ്റി വീണു, നിലവിളിച്ചെങ്കിലും ആരുംകേട്ടില്ല, 24മണിക്കൂറിന് ശേഷം പുനര്‍ജന്മം

By Web TeamFirst Published Sep 27, 2022, 10:28 AM IST
Highlights

കിണർ വൃത്തിയാക്കുന്നതിനിടെ കാൽതെറ്റി 60 അടിയിലധികം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു.

തിരുവനന്തപുരം:  കിണറ്റിൽ വീണ യുവാവിനെ 24 മണിക്കൂറിനു ശേഷം രക്ഷിച്ച് കരയ്ക്കെത്തിച്ചു. ശിവഗിരി സ്വദേശി മനോജ് (42 വയസ്സ് ) ആണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്. കിണർ വൃത്തിയാക്കുന്നതിനിടെ കാൽതെറ്റി 60 അടിയിലധികം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ കിണറിനകത്ത് കിടന്ന് ഉച്ചത്തിൽ നിലവിളിച്ചെങ്കിലും ആരും  കേട്ടില്ല. ഇന്ന് രാവിലെ ശബ്ദം കേട്ട അയൽവാസികളാണ് യുവാവിനെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയർഫോഴ്സ് എത്തി രക്ഷിച്ച് പുറത്തെടുത്തു. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മനോജ് നിരീക്ഷണത്തിൽ കഴിയുകയാണ്. 

ഇന്നലെ രാവിലെ ഏഴരയ്ക്കാണ് വർക്കല ശിവഗിരി സ്വദേശിയായ മനോജ്  കിണറ്റിൽ വീണത്. മണിലാൽ എന്ന ആളിന്‍റെ ആളൊഴിഞ്ഞ പറമ്പിലെ കിണർ വൃത്തിയാക്കാൻ എത്തിയതായിരുന്നു മനോജ്. തനിച്ചാണ് ജോലിക്ക് എത്തിയത്. കിണറ്റിലേക്ക് ഇറങ്ങുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. സഹായം അഭ്യർത്ഥിച്ച് അലറി വിളിച്ചിട്ടും ആരും കേട്ടില്ല. കിണറിലെ വെള്ളം കുടിച്ച് ഇന്നലെ പകലും രാത്രിയും കഴിച്ചു കൂട്ടി. ഇടയ്ക്കിടെ  ശബ്ദമുണ്ടാക്കി നോക്കിയിട്ടും ഒരാൾ പോലു അറിഞ്ഞില്ല. 

കൂലിവാങ്ങാൻ മനോജ് പിന്നീടു വരുമെന്ന് കരുതി സ്ഥലം ഉടമയും അന്വേഷിച്ച് വന്നില്ല. ഇന്ന് രാവിലെ  അസ്വാഭാവിക ശബ്ദം കേട്ട് സംശയം തോന്നിയ തൊട്ടടുത്തുള്ള വീട്ടുകാരാണ് കിണറിൽ വീണുകിടക്കുന്ന  ആളെ കണ്ടതും ഫയർഫോഴ്സിനെ വിളിച്ച്  രക്ഷിച്ചതും. വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മോനജിന്റെ ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നമില്ലെന്ന് അധികൃതർ അറിയിച്ചു.

click me!