ഷോക്കേറ്റ് ജീവൻ പോവാറായി ഒരു കാക്ക, ഓടിയെത്തി സിപിആര്‍ നല്‍കി രക്ഷിച്ച് മുനീഷ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Published : Jan 30, 2024, 06:38 PM IST
ഷോക്കേറ്റ് ജീവൻ പോവാറായി ഒരു കാക്ക, ഓടിയെത്തി സിപിആര്‍ നല്‍കി രക്ഷിച്ച് മുനീഷ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

Synopsis

നിമിഷങ്ങളോളം സി.പി.ആര്‍ തുടര്‍ന്നപ്പോള്‍ കാക്ക പതുക്കെ ഇളകുകയും ജീവിതത്തിലേക്ക് തിരികേ വരികയുമായിരുന്നു. ഒടുവില്‍ കാക്ക പറന്നുയര്‍ന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മുനീഷ് ഇവിടെ നിന്ന് മടങ്ങിയത്.

കോഴിക്കോട്: നശിച്ച കാക്കേ, കള്ള കാക്കേ, പോ കാക്കെ തുടങ്ങിയ ചീത്തവിൡകളിലൂടെയല്ലാതെ പലരും കാക്കയെന്ന പക്ഷിയെ നമ്മള്‍ അഭിസംബോധന ചെയ്യാറില്ല. എന്നാല്‍ തന്റെ മുന്നില്‍ ഷോക്കേറ്റുവീണ കാക്കയെ കണ്ടപ്പോള്‍ കാരശ്ശേരിക്കാരന്‍ മുനീഷിന് തോന്നിയത് ആ വികാരമായിരുന്നില്ല. ഓടിയെത്തി സി.പി.ആര്‍ നല്‍കി കാക്കയുടെ ജീവൻ രക്ഷിച്ച് മുനീഷ്. കാക്ക വീഴുന്നത് കണ്ട്  മുനീഷ് കാക്കക്കരികിലെത്തി ദേഹത്ത് അമര്‍ത്തി സി.പി.ആര്‍ നല്‍കി. നിമിഷങ്ങളോളം സി.പി.ആര്‍ തുടര്‍ന്നപ്പോള്‍ കാക്ക പതുക്കെ ഇളകുകയും ജീവിതത്തിലേക്ക് തിരികേ വരികയുമായിരുന്നു. ഒടുവില്‍ കാക്ക പറന്നുയര്‍ന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മുനീഷ് ഇവിടെ നിന്ന് മടങ്ങിയത്.

കഴിഞ്ഞ ദിവസം കാരശ്ശേരി അങ്ങാടിയിലാണ് സംഭവം നടന്നത്. രാവിലെ പത്തോടെ കുട്ടികളെ സ്‌കൂളില്‍ അയക്കാനായി സ്‌കൂട്ടറില്‍ പോകവേയാണ് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ നിലയില്‍ കാക്ക റോഡരികില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സ്‌കൂട്ടര്‍ നിര്‍ത്തി മുനീഷ് കാക്കയ്ക്ക് അരികില്‍ എത്തി സി.പി.ആര്‍ നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. പ്രവൃത്തി കണ്ടുനിന്ന ആളുകള്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. ചത്തുപോയെന്ന് കരുതിയ കാക്കക്ക് ജീവന്‍ തിരിച്ചുകിട്ടിയപ്പോള്‍ കാഴ്ചക്കാര്‍ക്കും അത്ഭുതമായി. നാട്ടുകാരിലൊരാള്‍ പകർത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ മുനീഷിന്‍റെ നല്ല മനസിന്ന് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

ഇതിന് മുന്‍പും നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട് നാല്‍പതുകാരനായ ഈ യുവാവ്. മാസങ്ങള്‍ക്ക് മുന്‍പ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന വിദ്യാര്‍ത്ഥിയെ കരക്കെത്തിച്ച് സി.പി.ആര്‍ നല്‍കിയിരുന്നെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മുനീഷ് പറയുന്നു. അടിയന്തര സാഹചര്യങ്ങളില്‍ അഗ്നിരക്ഷാസേനയോടൊപ്പവും അല്ലാതെയും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാറുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമായി റസ്‌ക്യൂ ക്ലാസുകളും നല്‍കുന്നുണ്ട്. അപകടങ്ങളില്‍പ്പെട്ട മനുഷ്യര്‍ക്കായി ഒട്ടനവധി അവസരങ്ങളില്‍ ചാടിയിറങ്ങിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരുനുഭവം ആദ്യമായിട്ടാണെന്ന് മുനീഷും പറയുന്നു. 'എന്റെ മുക്കം' സന്നദ്ധ സേനയിലും അംഗമാണ് ഇദ്ദേഹം.  

Read More : മുക്കത്ത് ഫയര്‍ഫോഴ്സ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍, വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയില്‍ അമ്മയുടെ മൃതദേഹവും

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി