ഉടമസ്ഥാവകാശം മാറ്റാതെ വിറ്റ ബൈക്ക് ഇടിച്ച് അപകടം: ജപ്തി ഭീഷണിയില്‍ ഒരു കുടുംബം

By Web TeamFirst Published Jul 28, 2019, 11:56 AM IST
Highlights

2009-ലാണ് പുരുഷോത്തമന്‍ബൈക്ക് വിറ്റത്. അതിനു ശേഷം ഈ വണ്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.രണ്ട് ദിവസം കഴിഞ്ഞ് വണ്ടി ഓടിച്ച ആള്‍ ആത്മഹത്യ ചെയ്തു. അപകടത്തില്‍ മരിച്ചയാള്‍ക്ക് 11 ലക്ഷം രൂപ വാഹനഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ പുരുഷോത്തമന്‍റെ വീട് ജപ്തി ചെയ്യാന്‍ പോകുകയാണ്. 

കൊല്ലം: ഉടമസ്ഥാവകാശം മാറ്റാതെ വിറ്റ ബൈക്ക് ഓടിച്ചുണ്ടായ അപകടത്തില്‍ കുടുങ്ങി വാഹനത്തിന്‍റെ ആദ്യ ഉടമ. കോടതി വിധി അനുസരിച്ച് അപകടത്തിൽ മരിച്ച ആളുടെ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധി വന്നതോടെ സ്വന്തം വീട് ജപ്തിയാവുന്ന അവസ്ഥയിലാണ് കരുനാഗപ്പള്ളി സ്വദേശി പുരുഷോത്തമനും കുടുംബവും. 

കൈവശമുണ്ടായിരുന്ന ബൈക്ക് 2009 ലാണ് പുരുഷോത്തമൻ വീടിനടുത്തുള്ള വാഹന ബ്രോക്കര്‍ക്ക് വില്‍ക്കുന്നത്. ഉടമസ്ഥാവകാശം മാറ്റുന്നതിനടക്കമുള്ള രേഖകളും ഒപ്പിട്ടു നല്‍കി. എന്നാല്‍ അതൊന്നും ചെയ്യാതെ ബ്രോക്കര്‍ വാഹനം മറ്റൊരാൾക്ക് വിറ്റു. രണ്ടാമത് വാഹനം വാങ്ങിയ ആള്‍ ബൈക്കോടിക്കവേ ഒരാളെ ഇടിച്ചിട്ടു. റോഡില്‍ വീണ  ആളിന്‍റെ ദേഹത്ത്  മിനി ലോറി കയറി ഇറങ്ങി അയാൾ തല്‍ക്ഷണം മരിച്ചു.

ഇതോടെ സംഭവം കേസായി. അപകടം നടന്ന് മൂന്നാം ദിവസം ബൈക്ക് ഓടിച്ചിരുന്ന ആൾ ആത്മഹത്യ ചെയ്തു. കേസിന്‍റെ തുടര്‍ച്ചയായി അപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ഇൻഷുറൻസ് കമ്പനി 21 ലക്ഷം രൂപ നല്‍കണമെന്ന് വിധി വന്നു. ഈ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. അപകടത്തിന്  രണ്ട് വാഹനങ്ങളും ഉത്തരവാദി ആണെന്ന വാദമാണ് ഇൻഷുറന്‍സ് കമ്പനി ഉയര്‍ത്തിയത്.

ഇതോടെ നഷ്ടപരിഹാര തുക രണ്ട് വാഹന ഉടമകളും ചേര്‍ന്ന് നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. തന്‍റെ വാഹനം ഇടിച്ചുണ്ടായ അപകടം ഹൈക്കോടതി വരെ എത്തിയ വിവരമൊന്നും പുരുഷോത്തമൻ അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് താന്‍ ചെന്നുപ്പെട്ട ഊരാക്കുടുക്കിനെക്കുറിച്ച് പുരുഷോത്തമന്‍ അറിയുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചുള്ള തുക അടയ്ക്കാതെ വന്നതോടെ പുരുഷോത്തമനെതിരെ ജപ്തി നടപടികളും തുടങ്ങി. 

11ലക്ഷം രൂപയും പലിശയും അടച്ചല്‍ മാത്രമേ ജപ്തി ഒഴിവാകൂ. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള പുരുഷോത്തമനും കുടുംബവും ബന്ധുക്കളുടെ സഹായത്തോടെയാണ് ദൈനംദിന ചെലവുകൾ പോലും ഇപ്പോൾ നടക്കുന്നത്. ജപ്തി നടപടികൾ ഒഴിവാക്കി കിട്ടാൻ മുഖ്യമന്ത്രിക്കടക്കം നിവേദനം നല്‍കി പ്രതിക്ഷയോടെ കാത്തിരിക്കുകയാണ് ഈ കുടുംബം

click me!