വൈക്കത്ത് അയൽവാസിയുടെ വെടിയേറ്റ പൂച്ച ചത്തു, പ്രതിക്കെതിരെ പൊലീസ് കേസ്

By Web TeamFirst Published Dec 15, 2021, 9:13 AM IST
Highlights

തന്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് രമേശൻ പൂച്ചയെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്

കോട്ടയം: പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് അയൽവാസിയുടെ വെടിയേറ്റ പൂച്ച ചത്തു. വൈക്കം തലയാഴം സ്വദേശി രമേശനാണ് അയൽവാസിയുടെ വളർത്തു പൂച്ചയെ വെടിവെച്ചത്. ഞായറാഴ്ചയാണ് പൂച്ചയ്ക്ക് വെടിയേറ്റത്. വെടിയേറ്റ് പൂച്ചയുടെ കരളിൽ മുറിവും കുടലിനു ക്ഷതവുമേറ്റിരുന്നു. ഇന്നലെ രാത്രിയാണ് പൂച്ച ചത്തത്. തന്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് രമേശൻ പൂച്ചയെ ആക്രമിച്ചത്. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

തലയാഴം പാരണത്ര പി കെ രാജന്‍ എന്നയാളുടെ പൂച്ചയാണ് ചത്തത്. അയല്‍വാസി രമേശൻ എയര്‍ഗണ്‍ (Air gun) ഉപയോഗിച്ച് പൂച്ചക്കുഞ്ഞിനെ വെടിവെക്കുകയായിരുന്നു. വൈക്കം പൊലീസാണ് (Vaikom Police) കേസെടുത്തിരിക്കുന്നത്. പൂച്ചയെ കോടിമതയിലെ മൃഗാശുപത്രിയില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും ചത്തു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. അയല്‍വാസിയുടെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയ പൂച്ചക്ക് വയറ്റില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

അയല്‍വീട്ടില്‍ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും പൂച്ചയുടെ നിലവിളിയും കേട്ടു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് പൂച്ചക്ക് നേരെ വെടിയുതിര്‍ത്തതെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു. വെടിയേറ്റ തള്ളപ്പൂച്ചയെ കഴിഞ്ഞ കുറച്ച് ദിവസമായി കാണാനില്ലെന്നും ഇയാള്‍ പറഞ്ഞു. രാജനും ഭാര്യ സുജാതയും മകള്‍ നീരജയും അലഞ്ഞുതിരിഞ്ഞു നടക്കുന്ന പൂച്ചകള്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. അഞ്ചോളം പൂച്ചകള്‍ ഇവരുടെ വീട്ടില്‍ വളരുന്നുണ്ട്.

click me!