
ചെങ്ങന്നൂർ: ബൈറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് അലക്ഷ്യമായി സ്കൂട്ടറോടിച്ചു കയറ്റിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ വയോധികനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചെട്ടികുളങ്ങര പേള സ്വദേശി ജയേഷാണ് (42) അറസ്റ്റിലായത്. തിരുവൻവണ്ടൂർ സ്കൂളിന് സമീപമുള്ള ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പെട്ടെന്ന് സ്കൂട്ടറോടിച്ചു കയറ്റിയ പാണ്ടനാട് സ്വദേശി കെ. ജി. വർഗീസിനെ തർക്കത്തെ തുടർന്ന് വധിക്കാൻ ശ്രമിച്ച കേസിലാണ് നടപടി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇരമല്ലിക്കര ഭാഗത്തേക്ക് കാറോടിച്ചു പോവുകയായിരുന്ന ജയേഷ്. തിരുവൻവണ്ടൂർ സ്കൂളിന് സമീപമുള്ള ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വർഗീസ് പെട്ടെന്ന് സ്‌കൂട്ടർ ഓടിച്ച് കയറ്റിയത് കണ്ട് ജയേഷ് രോഷാകുലനായി. ഇരുവരും ഇതേച്ചൊല്ലി വാക്കുതർക്കമുണ്ടായി. പരസ്പരം അസഭ്യം പറഞ്ഞശേഷം വർഗീസ് സ്‌കൂട്ടർ ഓടിച്ച് മുന്നോട്ട് പോയി. ജയേഷ് കാറിൽ അതിവേഗത്തിൽ വർഗീസിനെ പിന്തുടർന്നു.
ജയേഷ് തൻ്റെ പുറകെ വരുന്നത് കണ്ട്, വർഗീസ് സ്കൂട്ടർ ഒരു ഇടവഴിയിലേക്ക് കയറ്റി നിർത്തി. പിന്നീട് ജയേഷിൻ്റെ കാർ കടന്നുപോയി കാണുമെന്ന് കരുതി കുറച്ച് സമയത്തിന് ശേഷം പ്രധാന റോഡിലേക്ക് തിരികെ കയറി. എന്നാൽ ജയേഷ് അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. വർഗീസിനെ കണ്ടയുടൻ ജയേഷ് കാർ അമിത വേഗത്തിൽ ഇയാളുടെ സ്‌കൂട്ടറിന് നേരെ ഓടിച്ചു. സ്‌കൂട്ടറിൻ്റെ പിന്നിൽ കാർ കൊണ്ട് ഇടിച്ചു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുപോയ വർഗീസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ചെന്നിടിച്ച് ഗുരുതരമായി പരിക്കേറ്റു. നെറ്റിക്ക് ആഴത്തിലുള്ള മുറിവും ഇടതുകാൽ മുട്ടിനും വാരിയെല്ലുകൾക്കും തോളിനും ഒടിവുകളുമുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വർഗീസിപ്പോൾ. വർഗീസിന് പരിക്കേറ്റത് കണ്ടിട്ടും ജയേഷ് ഇയാളെ രക്ഷിക്കാൻ ശ്രമിച്ചില്ല. സംഭവത്തിന് പിന്നാലെ ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ചെങ്ങന്നൂർ പൊലീസ് ഇൻസ്പെക്ടർ വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam