
പാലക്കാട്: ബാങ്കിൽ മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോങ്ങാട് പാറശ്ശേരി മുണ്ടൂർ ഹൗസിൽ രാജ മുരുകനാണ് പൊലീസിൻ്റെ പിടിയിലായത്. കടമ്പഴിപ്പുറത്തെ കാത്തലിക്ക് സിറിയൻ ബാങ്കിൽ (CSB) മുക്കുപണ്ടം പണയം വെക്കാൻ ശ്രമിച്ചപ്പോഴാണ് ഇയാളെ പിടികൂടിയത്. 44 ഗ്രാം തൂക്കമുള്ള സ്വർണമെന്ന് തോന്നിക്കുന്ന ഒരു മാലയുമായാണ് രാജമുരുകൻ ബാങ്കിലെത്തിയത്. പണയം വെക്കണമെന്നായിരുന്നു ആവശ്യം. സ്വർണത്തിന് വില കൂടി നിൽക്കെ അഞ്ച് പവനിലേറെ തൂക്കമുള്ള സ്വർണം പണയം വെച്ചാൽ ലക്ഷങ്ങൾ വായ്പ നൽകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ സ്വർണത്തിൻ്റെ പരിശുദ്ധി ബാങ്കിൽ തന്നെ പരിശോധിച്ചു. ഇതോടെ സംശയം തോന്നിയ ജീവനക്കാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് ശ്രീകൃഷ്ണപുരം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.