പൊള്ളാച്ചിയില്‍ നിന്ന് മാര്‍ത്താണ്ഡത്തേക്ക് 325 കി.മീ. കാല്‍നടയാത്ര, വഴിയില്‍ വച്ച് ക്വാറന്‍റൈനിലേക്ക്

By Web TeamFirst Published Apr 25, 2020, 1:07 PM IST
Highlights

ഇനി നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിതിന് ശേഷം മാത്രമേ രമേശിന് മാര്‍ത്താണ്ഡത്തെ വീട്ടിലെത്താനാകൂ...

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് പൊള്ളാച്ചിയില്‍ കുടുങ്ങിപ്പോയ രമേശ്  മാര്‍ത്താണ്ഡത്തെ തന്‍റെ വീട്ടിലെത്താന്‍ നടന്നത് 325 കിലോമീറ്ററാണ്. എന്നാല്‍ മാര്‍ത്താണ്ഡത്തെ വീട്ടിലെത്താന്‍ രമേശിനായില്ല. അതിനുമുമ്പുതന്നെ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയില്‍ വച്ച് പൊലീസ് തടഞ്ഞു. രമേശിനെ ക്വാറന്‍റൈനിലുമാക്കി. 90 കിലോമീറ്റര്‍ കൂടി ബാക്കി നില്‍ക്കെയാണ് ഇയാളെ പിടികൂടിയത്. 

ഇനി നിരീക്ഷണക്കാലയളവ് പൂര്‍ത്തിയാക്കിതിന് ശേഷം മാത്രമേ രമേശിന് മാര്‍ത്താണ്ഡത്തെ വീട്ടിലെത്താനാകൂ. 32 വയസ്സുകാരനായ രമേശ് പൊള്ളാച്ചിയിലെ ഒരു സ്വകാര്യ ഫാം ഹൗസില്‍ ജീവനക്കാരനാണ്. ലോക്ക്ഡൗണ്‍ ആരംഭിച്ചതോടെ ജോലിയില്ലാതായി. 21 ദിവസത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് നീട്ടിയതോടെയാണ് വീച്ചിലേക്ക് നടന്നുപോകാന്‍ രമേശ് തീരുമാനിച്ചത്. 

പൊള്ളാച്ചിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ കയ്യില്‍ ആകെ ഉണ്ടായിരുന്നത് ഒരു കുപ്പി വെള്ളം മാത്രം. വഴിയോരത്തുനിന്ന് ലഭിച്ചിരുന്ന പൊതിച്ചോറുകള്‍ കഴിച്ചാണ് ഒമ്പത് ദിവസത്തെ കാല്‍നട യാത്രയില്‍ രമേശ് പിടിച്ചുനിന്നത്. ഏപ്രില്‍ 15 ന് യാത്ര ആരംഭിച്ചു. ഏപ്രില്‍ 23 ന് കടമ്പാട്ടുകോണത്തുനിന്ന് പൊലീസ് പിടികൂടി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇപ്പോള്‍ മാര്‍ ഇവാനിയോസ് കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലാണ്. 

click me!