
തിരുവനന്തപുരം: നഗരത്തിലെ മാലിന്യവാഹിയായി ഒഴുകുന്ന ആമയിഴഞ്ചാൻ തോട്ടിൽ വീണ വയോധികനെ ഫയർഫോഴ്സ് രക്ഷപെടുത്തി. സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപം കാൽതെറ്റി വീണ സോളമനെ (65) ആണ് തിരുവനന്തപുരം യൂണിറ്റിലെ സ്കൂബ ടീം രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിനടുത്തുകൂടി നടന്നു നീങ്ങുമ്പോൾ അബദ്ധത്തിൽ തോട്ടിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട സമീപത്തുണ്ടായിരുന്നവരാണ് ഫയർഫോഴ്സിനെ വിളിച്ചത്. 2 യൂണിറ്റുകളായി സംഘം ഉടൻ സ്ഥലത്തെത്തി സാഹസികമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.അബോധാവസ്ഥയിലായ ഇദ്ദേഹത്തിന്റെ അരക്കെട്ട് ഭാഗംവരെ വെള്ളം ഉണ്ടായിരുന്നു.
ചെളിയിൽ പുതഞ്ഞ് സഹായമില്ലാതെ അനങ്ങാൻ പോലും കഴിയാത്ത നിലയിലായിരുന്നു. കോൺക്രീറ്റ് വിടവിലൂടെ സ്ട്രെച്ചർ, കയർ എന്നിവയുടെ സഹായത്തോടെ ഫയർഫോഴ്സ് സംഘം തോട്ടിൽ ഇറങ്ങി സോളമനെ പുറത്തെത്തിക്കുകയായിരുന്നു. ചെറിയ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. വയോധികൻ അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിറഞ്ഞൊഴുകിയിരുന്ന തോട്ടിൽ മഴ മാറി നിന്നതിനാൽ ഇന്നലെ വെള്ളം കുറവായിരുന്നു.അതുകൊണ്ട് പെട്ടന്ന് രക്ഷപെടുത്താനായെന്ന് സമീപവാസികൾ പറഞ്ഞു. ഇതിന് സമീപത്തെ തുരങ്കത്തിൽ ഇറങ്ങിയ ശുചീകരണത്തൊഴിലാളി ജോയി കഴിഞ്ഞ വർഷം മുങ്ങി മരിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam