
കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയില്‍. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ(26) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് സിഐ മൂസ വള്ളിക്കാടനും നോർത്ത് അസിസ്റ്റൻറ് കമ്മീഷണർ കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഓൺലൈൻ ഫുഡ് സപ്ലൈ ഡെലിവറി ബോയ് ആയി ജോലിചെയ്തുവരികയായിരുന്ന ആഷിഖ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാൽ മണിയോടെ മെഡിക്കൽ കോളജ് ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന യുവതിയെ വീട്ടിലേക്ക് കൊണ്ട് വിടാമെന്ന് പറഞ്ഞ് സ്കൂട്ടറില്‍ കയറ്റി കൊണ്ടു പോവുകയായിരുന്നു.
തൊണ്ടയാട്, മലാപറമ്പ് , ചേവായൂർ ഭാഗങ്ങളിൽ കറങ്ങി മെഡിക്കൽ കോളജ് ഭാഗത്ത് വീണ്ടും എത്തി പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ ബിൽഡിങ്ങിന് താഴെ കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി റോഡരികിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജനങ്ങൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള ബാങ്കിന്റെ സിസിടിവി പൊലീസ് സംഘം ആദ്യം പരിശോധിച്ചു. തുടര്‍ന്ന് പ്രതി യുവതിയുമായി സഞ്ചരിച്ച വഴിയിലെ 50ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. വിവിധ ഓൺലൈൻ ഫുഡ് സപ്ലൈ കമ്പനികളുമായി ആശയവിനിമയം നടത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. കൂടാതെ സിറ്റിയിലെ വിവിധഭാഗങ്ങളിൽ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ ഫോട്ടോ കാണിച്ചു കൊടുത്തെങ്കിലും വിശദവിവരങ്ങൾ ലഭിക്കാത്തതും യുവതിയില്‍ നിന്ന് പ്രതിയെ കുറിച്ച് യാതൊരു വിധസൂചന ലഭിക്കാത്തതും പൊലീസിനെ കുഴക്കിയിരുന്നു.
എന്നാൽ, ഇത്തരത്തിൽ മുൻ കേസുകളിൽ പ്രതികളായവരെ കുറിച്ചും പൊലീസ് അന്വേഷിച്ചു. അതിൽനിന്ന് പ്രതി മുൻപ് വടകര സ്റ്റേഷനിൽ കഞ്ചാവ് കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങിയ ആളാണെന്നും മനസിലാക്കി. എല്ലാ രീതിയിലുമുള്ള അന്വേഷണങ്ങൾ കോർത്തിണക്കി കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി സൈബർസെല്ലിന്റെ സഹായത്തോടുകൂടി പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ് ,ഷാലു. എം ,ഹാദിൽ കുന്നുമ്മൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐ പ്രശോഭ് ,രാജേന്ദ്രൻ മനോജ് വിനോദ്. പി, സുബിന കെ പി എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam