മണമ്പൂർ പഞ്ചായത്തിലെ 'അഗതിരഹിത കേരളം' ഇനി മുടങ്ങില്ല, 96 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ലഭിക്കും

Published : Feb 22, 2025, 06:43 PM IST
മണമ്പൂർ പഞ്ചായത്തിലെ 'അഗതിരഹിത കേരളം' ഇനി മുടങ്ങില്ല, 96 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ലഭിക്കും

Synopsis

അഗതിരഹിത കേരളം പദ്ധതിയിൽ രണ്ടു ഗഡു തുക മണമ്പൂർ ഗ്രാപഞ്ചായത്തിന് നൽകിയെങ്കിലും ഒന്നാം ഗഡുവിന്റെ ഉപയോഗ സർട്ടിഫിക്കറ്റ് (യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്) മാത്രമാണ് കുടുംബശ്രീക്ക് നൽകിയിട്ടുള്ളതെന്ന് കുടുംബശ്രീ കമ്മീഷനെ അറിയിച്ചു.

വർക്കല: തിരുവനന്തപുരം മണമ്പൂർ ഗ്രാമപഞ്ചായത്തിൽ അഗതിരഹിത കേരളം പദ്ധതിയിൽ  നിന്നും സഹായം ലഭിച്ചു വരുന്ന 96 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ സൗജന്യമായി ലഭിക്കുന്ന പദ്ധതി ഫണ്ടില്ലാത്തതിന്റെ പേരിൽ മുടങ്ങിയെന്ന പരാതിക്ക് പരിഹാരമാകുന്നു. മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും കമ്മീഷൻ സിറ്റിംഗിൽ വിളിച്ചു വരുത്തി നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരാതി പരിഹരിക്കാൻ വഴിയൊരുങ്ങിയത്.

അഗതിരഹിത കേരളം പദ്ധതിയിൽ രണ്ടു ഗഡു തുക മണമ്പൂർ ഗ്രാപഞ്ചായത്തിന് നൽകിയെങ്കിലും ഒന്നാം ഗഡുവിന്റെ ഉപയോഗ സർട്ടിഫിക്കറ്റ് (യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ്) മാത്രമാണ് കുടുംബശ്രീക്ക് നൽകിയിട്ടുള്ളതെന്ന് കുടുംബശ്രീ കമ്മീഷനെ അറിയിച്ചു.  രണ്ടാം ഗഡുവിന്റെ ഉപയോഗ സർട്ടിഫിക്കറ്റും മൂന്നാം ഗഡുവിനുള്ള അപേക്ഷയും ലഭിച്ചാൽ ഉടനെ മൂന്നാം ഗഡു അനുവദിക്കാമെന്ന് കുടുംബശ്രീ കമ്മീഷനെ അറിയിച്ചു. ഇവ രണ്ടും അടിയന്തരമായി കുടുംബശ്രീക്ക് കൈമാറാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പഞ്ചായത്തിന് നിർദ്ദേശം നൽകി. സർട്ടിഫിക്കറ്റും അപേക്ഷയും ലഭിച്ചാലുടൻ കുടുംബശ്രീ തുക അനുവദിക്കണമെന്നും തുക ലഭിച്ചാലുടൻ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

കുടുംബശ്രീ ഡയറക്ടറുടെയും പഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോർട്ടുകൾ വാങ്ങിയ ശേഷമാണ് ഇരുവർക്കും ഹാജരാകാൻ നോട്ടീസ് നൽകിയത്. കുടുംബശ്രീ മിഷന്റെ ചലഞ്ച് ഫണ്ട് പ്രകാരം അഗതിരഹിത കേരളം പദ്ധതിയിൽ കുടുംബങ്ങൾക്ക് 36 മാസത്തേക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നതിന് ഫണ്ട് നകിയിട്ടുള്ളതാണെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  60 വയസിന് മുകളിലുള്ള, ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാത്ത വയോജനങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം പാകം ചെയ്തു നൽകുന്ന പാഥേയം പദ്ധതിയിൽ 37 ഗുണഭോക്താക്കൾക്ക് ഭക്ഷണം നൽകുന്നുണ്ടെന്ന് പഞ്ചായത്ത് അറിയിച്ചു. അപേക്ഷ നൽകാൻ പഞ്ചായത്തിന് നിർദ്ദേശം നൽകിയാൽ ഫണ്ട് അനുവദിക്കാമെന്ന് കുടുംബശ്രീയും കമ്മീഷനെ അറിയിച്ചു.

വളരെയധികം അവശത അനുഭവിക്കുന്ന മൂന്നു കുടുംബങ്ങൾക്ക് അഗതിരഹിതകേരളം പദ്ധതിയിൽ നിന്നും അടിയന്തര സഹായം നൽകണമെന്ന് പരാതിക്കാരായ മണമ്പൂർ നിർമ്മൽ നിവാസിൽ മാവിള വിജയൻ അഭ്യർത്ഥിച്ചു.   ഇവർക്ക് സഹായമെത്തിക്കാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഉത്തരവ് നടപ്പാക്കിയ ശേഷം കുടുംബശ്രീ മിഷൻ ഡയറക്ടറും മണമ്പൂർ പഞ്ചായത്ത് സെക്രട്ടറിയും നടപടി റിപ്പോർട്ട് സമർപ്പിക്കണം.

Read More :  സംസ്ഥാനത്ത് 28 തദ്ദേശവാർഡുകളിൽ വോട്ടെടുപ്പ് ഫെബ്രുവരി 24ന്, ഫലം 25ന്; മുന്നൊരുക്കങ്ങൾ പൂർത്തിയായി

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്