'പുലി ഗോപാലന്‍' കൊന്ന പുലിയുടെ മരണം സംഭവിച്ചത് ഇങ്ങനെ; പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പറയുന്നത്

By Web TeamFirst Published Sep 6, 2022, 10:26 AM IST
Highlights

പുലിയുടെ ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു.കൃഷിയിടത്തിലേക്ക് പോകവെ അക്രമിക്കാൻ കുതിച്ചെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലനാണ് വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. 

അടിമാലി: ആദിവാസി യുവാവ് പ്രണരക്ഷാർഥം കൊലപ്പെടുത്തിയ മാങ്കുളത്തെ പുലിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്തു. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ദേശീയ കടുവ നിർണ്ണയ സമിതിയുടെ നേത്യത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. പോസ്റ്റുമോർട്ടം റിപ്പോർട്ട് വനംവകുപ്പിന് കൈമാറി. 

പുലിയുടെ ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു.കൃഷിയിടത്തിലേക്ക് പോകവെ അക്രമിക്കാൻ കുതിച്ചെത്തിയ പുലിയെ ചിക്കണംകുടി സ്വദേശിയായ ഗോപാലനാണ് വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. പുലിയുമായുള്ള മൽപ്പിടിത്തത്തിൽ ഇയാൾക്ക് സാരമായ പരിക്കേറ്റിരുന്നു. ഗോപാലന് ചികിത്സക്കായുള്ള ധനസഹായം വനംവകുപ്പ് കൈമാറി. ഗോപാലൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ശനിയാഴ്ച രാവിലെ ഏഴോടെ മാങ്കുളം ചിക്കണംകുടിലായിരുന്നും സംഭവം.

പ്രായമായ പെൺ കടുവ

പത്തു വയസ് പ്രായമുള്ള പെൺപുലിയാണ് ചത്തത്. 40 കിലോ തൂക്കമുള്ള പുലിയ്ക്ക് 10 വയസ് പ്രായമുണ്ട്. മിക്ക പുലികളുടേയും ആയുസ് 13 വർഷമാണ്. ചത്ത പുലി പ്രായമായതാണ്. പല്ലുകൾ കൊഴിഞ്ഞു പോയിരുന്നു. അതിനാലാണ് ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങിയതെന്നാണ് വനംവകുപ്പിന്റെ നിഗമനം. ഇത്തരത്തിൽ പ്രായമായ പുലികൾ മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകാറുണ്ട്.

രാവിലെ പോസ്റ്റുമോര്‍ട്ടം

ശനിയാഴ്ച പുലിയുടെ ഫ്രീസറിലാണ് സൂക്ഷിച്ചിരുന്നത്. അതിനാൽ ഞായറാഴ്ച രാവിലെ പുറത്തെടുത്ത ജഡം അന്തരീക്ഷ ഊഷ്മാവിൽ എത്തിയതിന് ശേഷം ഉച്ചയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. പുലിയുടെ ആന്തരിക അവയവങ്ങൾ രാസ പരിശോധനക്കായി തിരുവനന്തപുരം പാലോടുള്ള ലാബിലേക്ക് അയച്ചു. പുലിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.

അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററനറി ഓഫീസർമാരായ ഡോ.നിഷ റേച്ചൽ, ഡോ.അനുമോദ്, പാലാ സെന്റ് തോമസ് കോളേജിലെ സുവോളജി വിഭാഗം മേധാവി മാത്യു തോമസ്, എൻ.ജി.ഒ. അംഗം.എം.എൻ. ജയചന്ദ്രൻ,  പെരിയാർ കടുവ റിസർവിലെ ബയോളജിസ്റ്റ്  രമേശ് ബാബു, മൂന്നാർ ഡി.എഫ്.ഒ. രാജു.കെ. ഫ്രാൻസിസ്, മാങ്കുളം ഡി.എഫ്.ഒ. ജി. ജയചന്ദ്രൻ, വാർഡ് മെമ്പർ അനിൽ ആന്റണി, മാങ്കുളം റേഞ്ച് ഓഫീസർ ബി. പ്രസാദ് എന്നിവർ അടങ്ങുന്ന ഒൻപത് അംഗ സമിതിയുടെ നേത്യത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. വൈകുനേരത്തോടെയാണ് ജഡം ദഹിപ്പിച്ചത്.

കേസില്ല, ധനസഹായം നൽകി

ഗോപാലൻ സ്വയം രക്ഷയുടെ ഭാഗമായാണ് പുലിയെ വെട്ടിയതെന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ മാങ്കുളം റേഞ്ച് ഓഫീസർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ ഗോപാലനെതിരെ കേസ് എടുക്കേണ്ടതില്ല എന്നാണ് വനം വകുപ്പിന്റെ തീരുമാനം.

ചികിത്സയിൽ കഴിയുന്ന ഗോപാലന് 5000 രൂപയാണ് വനംവകുപ്പ് ധനസഹായം നൽകിയത്. ആദ്യ പടിയാണ് ഇത്. മാങ്കുളം റേഞ്ച് ഓസീസർ ബി. പ്രസാദ് ആശുപത്രിയിൽ എത്തി ഗോപാലന് കൈ മാറി. പുലിയുടെ അടിയേറ്റ് ഗോപാലന്റെ കൈ എല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ട്.

ബോധവൽക്കരണ ക്ലാസ് നടത്തും

വന്യ മൃഗങ്ങളുടെ ഭീഷണി നേരിടുന്നവരും, വനാതിർത്തികളിൽ താമസിക്കുന്നവരുമായ ജനങ്ങൾക്കായി വനം വകുപ്പ് ബോധവൽകരണ ക്ലാസ് നടത്തും. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് ക്ലാസ് നടത്തുന്നതെന്ന് മാങ്കുളം ഡി.എഫ്.ഒ. ബി. ജയചന്ദ്രൻ അറിയിച്ചു. വന്യമൃഗങ്ങളുടെ സ്വഭാഗം, നാട്ടിൽ ഇറങ്ങുവാൻ ഉള്ള കാരണം, ഇവയിൽ നിന്നും രക്ഷ നേടുന്നതിനുള്ള മാർഗ്ഗക്കൾ, ഇതിനുള്ള മുൻ കരുതൽ എന്നീ വിഷയങ്ങളിലാവും ക്ലാസ് നടക്കുക. ആദ്യ ക്ലാസ് ഓണത്തിത് ശേഷം മാങ്കുളം ആറാം മൈലിൽ നടക്കും

മാങ്കുളത്തെ 'പുലിമുരുകനായി' ഗോപാലന്‍; വന്‍ സ്വീകരണം നല്‍കാന്‍ നാട്ടുകാര്‍

click me!