താലിയും മാലയുമായി മുങ്ങും, വിവിധ ജില്ലകളിലായി രേഷ്മ പറ്റിച്ചത് നിരവധി യുവാക്കളെ, അറസ്റ്റ് പുതിയ വിവാഹത്തിന് ഓഡിറ്റോറിയത്തിലേക്ക് പോകുമ്പോൾ

Published : Jun 07, 2025, 11:40 AM ISTUpdated : Jun 07, 2025, 12:05 PM IST
reshma marriage fraud

Synopsis

ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്‌മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്‌റ്റ് ചെയ്യുകയായിരുന്നു.

തിരുവനന്തപുരം: മാട്രിമോണിയിൽ വിവാഹപരസ്യം നൽകി നിരവധി യുവാക്കളെ തട്ടിപ്പിനിരയാക്കിയ വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ.എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനിയും രണ്ടു വയസുകാരിയുടെ മാതാവുമായ രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. അടുത്ത വിവാഹത്തിനു തൊട്ടുമുമ്പാണ് തിരുവനന്തപുരത്ത് നിന്നും ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നിന്ന രേഷ്‌മയെ പ്രതിശ്രുത വരനായ പഞ്ചായത്ത് അംഗത്തിന്റെ പരാതിയിൽ ആര്യനാട് പൊലീസ് നാടകീയമായി അറസ്‌റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം മാട്രിമോണിയൽ പരസ്യത്തിൽ രേഷ്മയുടെ വീഡിയോ കണ്ടാണ് തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്ത് അംഗം ബന്ധപ്പെടുന്നത്. പിന്നാലെ അമ്മയെന്ന് പരിചയപ്പെടുത്തിയ സ്ത്രീ വിളിച്ച് രേഷ്മയുടെ നമ്പർ നൽകി. ഫോണിൽ വിളിച്ച് പരിചയപ്പെട്ട രേഷ്മയെ കോട്ടയത്തെ മാളിൽ വച്ച് കണ്ടുമുട്ടി.തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്ക് താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.

സംസ്കൃതത്തിൽ പിഎച്ച്ഡി ചെയ്യുകയാണെന്ന് പറഞ്ഞ രേഷ്മ ജൂൺ ആറിന് വിവാഹത്തിനും സമ്മതിച്ചു. ആദ്യവിവാഹമെന്നാണ് പറഞ്ഞിരുന്നത്. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ സുഹൃത്തിൻ്റെ ഭാര്യയ്ക്ക് അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും. 10 പേരെ രേഷ്മ വിവാഹം ചെയ്തതായും നാല് പേരെ വഞ്ചിക്കാൻ പദ്ധതിയിട്ടിരുന്നതായുമാണ് പഞ്ചായത്ത് അംഗം പൊലീസിനെ ഉദ്ധരിച്ച് ആരോപിക്കുന്നത്.

രേഷ്മയുടെ ബാഗിൽ നിന്നും മുൻപ് നടന്ന വിവാഹങ്ങളുടെ സർട്ടിഫിക്കറ്റ് കണ്ടത്തിയിട്ടുണ്ട്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്‌മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വരൻ നൽകുന്ന താലിയും മാലയുമായി മുങ്ങാനായിരുന്നു പ്ലാൻ. പിറ്റേന്ന് തൊടുപുഴയിൽ പുസ്തകം വാങ്ങാൻ പോകണമെന്ന് യുവതി പറഞ്ഞിരുന്നതായും പഞ്ചായത്തംഗം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം