വിവാഹ സത്കാരത്തിന്‍റെ ഭക്ഷണ അവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളി; വീട്ടുകാരെക്കൊണ്ടു നീക്കം ചെയ്ത് പോലീസ്

By Web TeamFirst Published Sep 14, 2020, 12:10 PM IST
Highlights

കോവിഡ് കാലത്ത് വിവാഹസത്കാരം സംഘടിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്നതിനാല്‍ മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ പോലീസിന് എളുപ്പമായി. 

നിലമ്പൂര്‍: വിവാഹ സത്കാരത്തിന്‍റെ ഭക്ഷണ അവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളിയ വീട്ടുകാരെക്കൊണ്ട് തന്നെ മാലിന്യം നീക്കം ചെയ്യിച്ചു. നിലമ്പൂര്‍ പോത്തുകല്‍ സുല്‍ത്താന്‍പടി -പൂക്കോട്ടുമണ്ണ റോഡിലാണ് മാലിന്യങ്ങള്‍ തള്ളിയത്. മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് പോത്തുകല്ല് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവാഹസത്കാരം നടത്തിയ വീട്ടുകാരെ കണ്ടെത്തി നടപടി സ്വീകരിച്ചത്. 

സെപ്തംബര്‍ 10-ാം തീയതിയാണ് പോത്തുകല്ല് അണ്ടിക്കുന്നിലെ വീട്ടില്‍ വിവാഹസത്കാരം നടന്നത്. തുടര്‍ന്ന് മാലിന്യങ്ങള്‍ ഇവര്‍ പ്രധാന റോഡരികില്‍ തള്ളുകയായിരുന്നു. മാലിന്യം റോഡരികില്‍ തള്ളിയതുമായി ബന്ധപ്പെട്ട് തൊട്ടടുത്തദിവസമാണ് പോത്തുകല്ല് പോലീസ് അന്വേഷണം ആരംഭിച്ചത്. 

കോവിഡ് കാലത്ത് വിവാഹസത്കാരം സംഘടിപ്പിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണമെന്നതിനാല്‍ മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ പോലീസിന് എളുപ്പമായി. ഒപ്പം സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു.ൃ പോത്തുകല്ല് എസ്.ഐ. അബ്ബാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു കുര്യാക്കോസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവന്‍, സലീല്‍ ബാബു, കൃഷ്ണദാസ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യം തള്ളിയവരെ കണ്ടെത്തുകയും പ്രദേശം വൃത്തിയാക്കിക്കുകയും ചെയ്തത്.

വിവാഹത്തിന് നേരത്തെ അപേക്ഷ നല്‍കിയവരെക്കുറിച്ച് അന്വേഷിച്ചതോടെ അണ്ടിക്കുന്നിലെ വീട്ടുകാരാണ് സംഭവത്തിന് പിന്നിലെന്നും കണ്ടെത്തി. തുടര്‍ന്ന് തങ്ങള്‍തന്നെ മാലിന്യം നീക്കംചെയ്യാമെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. 

click me!