
കല്‍പ്പറ്റ: സാമൂഹിക മാധ്യമങ്ങള്‍ വഴി വിവാഹാലോചന തട്ടിപ്പ് നടത്തിയ യുവാവിനെ വയനാട് ജില്ലാ സൈബര്‍ ക്രൈം പൊലീസ് പിടികൂടി. വിവിധ മാട്രിമോണി വെബ്‌സൈറ്റുകളില്‍ നിന്നും സ്ത്രീകളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ശേഖരിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജ വിവാഹലോചന അക്കൗണ്ടുകള്‍ നിര്‍മ്മിച്ചു തട്ടിപ്പ് നടത്തി വന്ന തിരുവനന്തപുരം സ്വദേശി മുഹമ്മദ് റമീസ് (27)നെയാണ് ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളില്‍ മാട്രിമോണിയല്‍ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിര്‍മ്മിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തി വന്നത്.
പ്രശസ്ത മാട്രിമോണിയല്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നും സ്ത്രീകളുടെ ഫോട്ടോ അടക്കമുള്ള വ്യക്തി വിവരങ്ങള്‍ കൈവശപ്പെടുത്തി വ്യാജ അക്കൗണ്ടുകള്‍ വഴി ഇടപാടുകാരെ കണ്ടെത്തി രജിസ്‌ട്രേഷന്‍ ഫീസ് വാങ്ങി ഫോട്ടോ അയച്ചു നല്‍കി കബളപ്പിക്കുകയാണ് ചെയ്തിരുന്നത്. ഇയാളുടെ സഹായികള്‍ തന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജേന സംസാരിച്ചാണ് വിശ്വാസം ആര്‍ജ്ജിക്കുന്നത്.
ചൂരല്‍മല സ്വദേശിയായ യുവാവ് തന്റെ ബന്ധുവിന്റെ വിവാഹലോചനക്കായി ഇവരുമായി ബന്ധപ്പെട്ട് 1400 രൂപ നല്‍കി രജിസ്റ്റര്‍ ചെയ്തിരുന്നു. പണം വാങ്ങിയ ശേഷം തട്ടിപ്പ് സംഘം യുവാവിനെ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് മറ്റൊരു നമ്പറില്‍ നിന്നും ബന്ധപ്പെട്ടപ്പോള്‍ മുന്‍പ് അയച്ച ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ, തട്ടിപ്പുകാര്‍ മറ്റൊരു പേരില്‍ അയച്ചു നല്‍കിയപ്പോള്‍ തട്ടിപ്പ് മനസിലാക്കുകയും സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
ഒരു മാസത്തിനുള്ളില്‍ തന്നെ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് 1400 രൂപ വെച്ചു 300 ഓളം ഇടപാടുകള്‍ നടന്നതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. നിലവില്‍ ഇയാള്‍ക്കെതിരെ നാഷണല്‍ സൈബര്‍ റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ (1930) 27 ഓളം പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസ് സംഘത്തില്‍ എസ്.ഐ ബിനോയ് സ്‌കറിയ, എസ്.സി.പി.ഒ അബ്ദുല്‍ സലാം, സി.പി.ഒമാരായ അരുണ്‍ അരവിന്ദ്, മുഹമ്മദ് അനീസ് എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam