വൈറ്റ് കോളര്‍ ജോലി വേണ്ട; മണ്ണിനെയും പശുക്കളെയും സ്നേഹിച്ച് ബിരുദധാരി ലക്ഷങ്ങള്‍ സമ്പാദിച്ച് മാതൃകയാകുന്നു

Published : Nov 03, 2018, 05:33 PM IST
വൈറ്റ് കോളര്‍ ജോലി വേണ്ട; മണ്ണിനെയും പശുക്കളെയും സ്നേഹിച്ച് ബിരുദധാരി ലക്ഷങ്ങള്‍ സമ്പാദിച്ച് മാതൃകയാകുന്നു

Synopsis

ദിവസേന നൂറ് ലിറ്ററോളം പാല് ക്ഷീര സംഘത്തില്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പ്രവീണ്‍ വ്യക്തമാക്കുന്നു. പ്രതിദിനം മൂവായിരത്തോളം രൂപ വരുമാനവും ലഭിക്കും. ഇത്തരത്തില്‍ കണക്കൂട്ടിയാല്‍ ഒരു മാസത്തില്‍ ഒമ്പത് പശുവില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിക്കുന്നത്

ഇടുക്കി: ആധുനിക കാലഘട്ടത്തില്‍ പുതിയ തലമുറ വൈറ്റ് കോളര്‍ ജോലിതേടി പോകുമ്പോള്‍ എം ബി എ ബിരുദധാരിയായ യുവാവ് ക്ഷീര മേഖലയില്‍ വിജയക്കൊടിനാട്ടി കാര്‍ഷിക കേരളത്തിന് മാതൃകയായി മാറുകയാണ്. രാജാക്കാട് സ്വദേശി പ്രവീണാണ് കാലിവളര്‍ത്തലിലൂടെ മികച്ച നേട്ടം കൈവരിച്ച് മുമ്പോട്ട് പോകുന്നത്.

ഉന്നത വിദ്യാഭ്യാസം നേടിയ ലക്ഷക്കണക്കിനുവരുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാര്‍ ഓഫീസുകളിലും വമ്പന്‍ കമ്പനികളിലും ജോലി ലക്ഷ്യംവച്ച് തൊഴില്‍ രഹിതരുടെ പട്ടികയില്‍ ഇടംപിടിച്ച് തെരുവില്‍ അലയുന്ന കാലത്താണ് ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും സര്‍ക്കാര്‍ ജോലിക്ക് വേണ്ടി കാത്തുനില്‍ക്കാതെ കുടിയേറ്റ മണ്ണിനേയും കൃഷിയേയും നെഞ്ചോടുചേര്‍ത്ത് പ്രവീണ്‍ എന്ന ഈ യുവ കര്‍ഷകന്‍ പുതിയതലമുറയ്ക്ക് മാതൃകയായി മാറുന്നത്.

രണ്ടായിരത്തി പതിമൂന്നില്‍ എം ബി എ ബിരുധം നേടിയ ഇദ്ദേഹം പിന്നീട് രണ്ട് സ്വകാര്യ കമ്പനികളില്‍ ജോലി നോക്കി. നല്ല ശമ്പളുണ്ടായിരുന്നിട്ടും കൃഷിയോടും ജന്മനാടിനോടുമുള്ള താല്‍പര്യമാണ് കാലിവളര്‍ത്തലിലേയ്ക്ക് തിരിയുവാന്‍ കാരണം. ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ പ്രവീണ്‍ ആദ്യം ഒരു പശുവിനെ വളര്‍ത്തിയാണ് ക്ഷീരമേഖലിയിലേയ്ക്ക് ചുവട് വച്ചത്. ഇന്ന് പതിനഞ്ച് പശുക്കളുണ്ട് ഇദ്ദേഹത്തിന്റെ ചെറിയ ഫാമില്‍. ഇതില്‍ ഒമ്പതെണ്ണം കറവപശുക്കളാണ്.

ദിവസേന നൂറ് ലിറ്ററോളം പാല് ക്ഷീര സംഘത്തില്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പ്രവീണ്‍ വ്യക്തമാക്കുന്നു. പ്രതിദിനം മൂവായിരത്തോളം രൂപ വരുമാനവും ലഭിക്കും. ഇത്തരത്തില്‍ കണക്കൂട്ടിയാല്‍ ഒരു മാസത്തില്‍ ഒമ്പത് പശുവില്‍ നിന്നും ഒരു ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിക്കുന്നത്. തൊഴിലില്ലായ്മ തന്നെ സൃഷ്ടിക്കുന്നതാണെന്നും സ്വയം തൊഴില്‍ കണ്ടെത്തുകയാണ് യുവാക്കള്‍ ചെയ്യേണ്ടതെന്നും അങ്ങനെ പരിശ്രമിച്ചാല്‍ സ്വയം പര്യാപ്തതയില്‍ എത്തുമെന്നും രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കുവാന്‍ കഴിയുമെന്നുമാണ് പ്രവീണിന്റെ അഭിപ്രായം.

അച്ഛന്‍ വിശ്വഭരന്‍ റിട്ട. ബി ഡി ഒ യാണ്. അമ്മ റീജയും, ഭാര്യ ദീപ്തിയും, സഹോദരി ദേവികയും പ്രവീണിന് സഹായവും പ്രോത്സാഹനവും നല്‍കി ഒപ്പമുണ്ട്. രണ്ട് വയയസ്സുള്ള മകള്‍ മയൂഖയ്ക്കും ഫാമിലെ പശുക്കള്‍ പ്രീയപ്പെട്ട കൂട്ടുകാരാണ്. ആധുനിക സംവിധാനങ്ങള്‍ ഒരുക്കി നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുവാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വലിയ ഫാമാണ് പ്രവീണിന്‍റെ സ്വപ്നം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി