
കൊച്ചി: ബസിനടിയിൽപ്പെട്ടുണ്ടായ അപകടത്തിൽ വസ്ത്രം കീറിയ സ്ത്രീയ്ക്ക് സ്വന്തം ഉടുമുണ്ട് അഴിച്ച് നൽകി മാനുഷികതയുടെ മുഖമായി മാറിയ ചായ വില്പനക്കാരൻ ഷാജിക്ക് എംസിആർ ടെക്സ്റ്റൈൽസ് ഒരു ലക്ഷം രൂപ സ്നേഹ സമ്മാനം നൽകി. എംസിആർ ടെക്സ്റ്റൈൽസ് ചെയർമാൻ എംസി റോബിൻ നേരിട്ടെത്തിയാണ് ഷാജിക്ക് സമ്മാനത്തുക കൈമാറിയത്. അപകടത്തിൽപ്പെട്ട സ്ത്രീയുടെ മാന്യത സംരക്ഷിക്കാൻ ഷാജി കാട്ടിയ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രശംസ നേടിയിരുന്നു.മനുഷ്യത്വവും സാമൂഹിക ഉത്തരവാദിത്തവും ഉയർത്തിപ്പിടിച്ച ഷാജിയുടെ പ്രവർത്തനത്തെ ആദരിക്കാനാണ് സമ്മാനം നൽകുന്നതെന്ന് എംസി റോബിൻ പറഞ്ഞു. അപകടത്തിന് പിന്നാലെ നിരവധി പേരാണ് ഷാജിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രതിസന്ധി ഘട്ടത്തിൽ മറ്റുള്ളവരുടെ മാന്യതയും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള സന്ദേശമാണ് ഷാജിയുടെ പ്രവർത്തനം സമൂഹത്തിന് നൽകുന്നതെന്നും വിവിധ മേഖലകളിൽ നിന്ന് അഭിനന്ദനങ്ങൾ ഉയർന്നു. സമൂഹത്തിൽ മനുഷ്യ സ്‌നേഹത്തിന്റെ മൂല്യം ഓർമ്മിപ്പിച്ച ഷാജിയുടെ ഇടപെടൽ കൂടുതൽ പേർക്ക് മാതൃകയാകുമെന്നും നിരവധിപ്പേർ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam