
തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റിലായി. കോവളം ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസം വീട്ടിൽ നന്ദു (30), മണക്കാട് തുണ്ടുവിള പുത്തൻവീട്ടിൽ ജിതിനും(39) ആണ് പിടിയിലായത്. ഇവരിൽ നിന്ന് 11 ഗ്രാം എംഡിഎംഎയും 105 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് തിരുവനന്തപുരത്തെത്തിച്ച് വിൽപ്പന നടത്തുന്നവരാണ് ഇരുവരും എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനം തടയാനായി എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. എംഡിഎംഎയുമായി നന്ദുവാണ് ആദ്യം പിടിയിലായത്. നന്ദുവിനെ ചോദ്യം ചെയ്തപ്പോഴാണ് ജിതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. നന്ദു നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജിതിനെ തിരഞ്ഞെത്തിയ പൊലീസിന് ഇയാളുടെ കൈയ്യിലുണ്ടായിരുന്ന എംഡിഎംഎയും കഞ്ചാവും ലഭിച്ചു. നന്ദുവിൻ്റെയും ജിതിൻ്റെയും പക്കലുണ്ടായിരുന്നത് ആകെ 11 ഗ്രാം എംഡിഎംഎയാണ്. ഓരോരുത്തരുടെയും പക്കലുണ്ടായിരുന്ന എംഡിഎംഎയുടെ അളവെത്രയെന്ന് എക്സൈസ് വ്യക്തമാക്കിയിട്ടില്ല. ബെംഗളൂരുവിൽ നിന്നും എത്തിച്ചാണ് ഇവർ മയക്കുമരുന്ന് ഉപയോഗിക്കുകയും വിൽക്കുകയും ചെയ്യുന്നതെന്നും സമാനമായ കേസിൽ നേരത്തെ തന്നെ ഇരുവരും പിടിക്കപ്പെട്ടിട്ടുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.