
തൃശൂര്‍: തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണു, അസം സ്വദേശി പ്രജ്വൽ എന്നിവരാണ് അറസ്റ്റിലായത്. വാട്സ്ആപ്പിലൂടെ ഓർഡർ സ്വീകരിച്ച് കൊറിയർ വഴി ലഹരിവസ്തുക്കൾ അയച്ച് നൽകിയായിരുന്നു വിൽപ്പന. തൃശ്ശൂർ നഗര മധ്യത്തിൽ തന്നെയുള്ള പ്രോട്ടീൻ മോൾ എന്ന സ്ഥാപനത്തിന്റെ ഉടമയും ജിം ട്രെയിനറുമാണ് പിടിയിലായ വിഷ്ണു.
പടിഞ്ഞാറെ കോട്ടയിലെ ഈ സ്ഥാപനത്തിലേക്ക് ലഹരി തേടി വിദ്യാർഥികൾ ഉൾപ്പെടെ എത്തുന്നത് പതിവായിരുന്നു. ഒപ്പം കൊറിയർ വഴിയും വില്പന. വാട്ട്സ്ആപ്പ് വഴിയാണ് ഓർഡറുകൾ സ്വീകരിച്ചത്. ആവശ്യക്കാർ നൽകുന്ന മേൽവിലാസത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവും എംടിഎംഎയും ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചു നൽകും. കേരളത്തിലെ വിവിധയിടങ്ങളിലെ ഹോസ്റ്റലുകളിലേക്കാണ് പ്രധാനമായി ഇയാൾ ലഹരി അയച്ചിരുന്നത്. വെസ്റ്റേൺ ടെക്സ്റ്റൈൽസ് എന്ന പേരിൽ തുണികൾ ആണെന്ന വ്യാജനേയായിരുന്നു ലഹരി കടത്ത്.
ഇന്ന് കിഴക്കേ കോട്ടയിലെ കൊറിയർ സ്ഥാപനം വഴി അരക്കിലോ ഹൈബ്രിഡ് കഞ്ചാവും അഞ്ച് എംഡി എം എ ഗുളികകളും തമ്പാനൂരിലെ ഹോസ്റ്റലിലേക്ക് അയക്കുന്നതിനിടയാണ് വിഷ്ണുവും കൂട്ടാളിയായ അസം സ്വദേശി പ്രജുവലും പിടിയിലാകുന്നത്. മുൻപ് നാലു തവണ ലഹരി വില്പനയ്ക്ക് വിഷ്ണു അറസ്റ്റിൽ ആയിട്ടുണ്ട്. സ്ഥിരമായി ലഹരി മരുന്നു കേസുകളിൽ ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ അടയ്ക്കാനുള്ള പിറ്റ് ആക്ട് ഇയാൾക്കെതിരെ ചുമത്താൻ ഉള്ള ഒരുക്കത്തിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam