
കൊച്ചി: ലഹരിമരുന്നിനെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകളുടെ ഭാഗമായി കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. നെടുമ്പാശ്ശേരി പൊലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 24 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിലായി. മട്ടാഞ്ചേരി ഇരവേലി മംഗലത്ത് പറമ്പ് സ്വദേശി റിസ്വാൻ (23), സൗത്ത് ചെല്ലാനം ചിത്തിര ഡെയ്ലിൽ വിക്ടർ ജോസ് (36) എന്നിവരെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ നിന്നും കാറിൽ രാസലഹരി കടത്തിക്കൊണ്ടുവരുന്നതിനിടെ അത്താണി ഭാഗത്ത് വെച്ചാണ് പ്രതികൾ പൊലീസിന്റെ വലയിലാകുന്നത്. തുടർന്ന് കസ്റ്റഡിയിലെടുത്ത വാഹനം വിശദമായി പരിശോധിച്ചപ്പോൾ കാറിന്റെ ഡാഷ്ബോർഡിന് താഴെ അതീവ രഹസ്യമായി നിർമ്മിച്ച പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഐടി മേഖലയിലുള്ളവരെ ലക്ഷ്യമിട്ടാണ് പ്രതികൾ പ്രധാനമായും ലഹരിവില്പന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ഈ ലഹരിവേട്ട. ഡാൻസാഫ് ടീം, ഡിവൈഎസ്പിമാരായ ജെ. ഉമേഷ് കുമാർ, എൻ. ബാബുക്കുട്ടൻ, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ അരുൺ ദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മേഖലയിൽ ലഹരി വിപണന ശൃംഖലയെക്കുറിച്ച് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam